ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയാണ് സൂര്യകുമാർ യാദവും കെ എൽ രാഹുലും കാഴ്ചവെച്ചത്. സ്റ്റാർ ബാറ്റർമാരായ വിരാട് കോഹ്ലിയും രോഹിത് ശർമയും കൂടാരം കയറിയ ശേഷം ഇരുവരും പതിയെ ഇന്ത്യയെ കരയ്ക്കടുപ്പിക്കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി പ്രതിരോധപരമായി ആയിരുന്നു രാഹുൽ കളിച്ചത്. എന്നാൽ സൂര്യകുമാർ ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചുതൂക്കുന്നത് തന്നെയായിരുന്നു കണ്ടത്. സൂര്യ കുമാറിന്റെ ഈ ആത്മവിശ്വാസത്തെ കുറിച്ചാണ് കെ എൽ രാഹുൽ സംസാരിക്കുന്നത്.
മത്സരത്തിൽ ഇന്ത്യക്ക് ആവശ്യം 107 റൺസ് മാത്രമായിരുന്നു. പല ബാറ്റർമാരും അപകടകാരികളായ സീം ബോളർമാരെ വെറുതെ വിടുകയാണുണ്ടായത്. എന്നാൽ സൂര്യകുമാര് മാത്രമാണ് ഇവരെ ആക്രമിച്ചത്. മത്സരത്തിനിടയിൽ സൂര്യകുമാർ തന്നോട് പറഞ്ഞ കാര്യമാണ് രാഹുൽ വെളിപ്പെടുത്തുന്നത്. “ഞാൻ പ്രതിരോധപരമായി കളിക്കാൻ ശ്രമിച്ചാൽ ടീമിനായി ലക്ഷ്യം കാണുമെന്നു തോന്നുന്നില്ല എന്ന് സൂര്യ പറഞ്ഞു. അതിനാൽതന്നെ ഞാൻ എനിക്ക് അറിയാവുന്നതുപോലെ എന്റെ ഷോട്ടുകൾ കളിച്ച് റൺസ് കണ്ടെത്തുമെന്നും സൂര്യ സൂചിപ്പിച്ചു.”- രാഹുൽ പറയുന്നു.
സൂര്യകുമാർ യാദവിന്റെ ഈ സമീപനം തന്നെ സഹായിച്ചുവെന്നും കെ എൽ രാഹുൽ പറയുന്നുണ്ട്. “നോർക്യ എറിഞ്ഞ ആദ്യ ബോൾ സൂര്യകുമാറിന്റെ നെഞ്ചിൽ കൊണ്ട് ശേഷമാണ് അവൻ ഉണർന്നത്. അവന് ആക്രമണപരമായി തന്നെ അവന്റെ ഷോട്ടുകൾ കളിക്കേണ്ടിയിരുന്നു. അങ്ങനെ ദക്ഷിണാഫ്രിക്കൻ ബോളിഗ് നിരയെ അടിച്ചുതൂക്കാൻ സൂര്യകുമാർ തീരുമാനിക്കുകയായിരുന്നു.”- രാഹുൽ കൂട്ടിച്ചേർത്തു.
ഇതോടൊപ്പം തിരുവനന്തപുരത്തെ പിച്ചിനെ സംബന്ധിച്ചുള്ള അഭിപ്രായവും രാഹുൽ പറഞ്ഞു.”ഞങ്ങൾ കളിച്ചതിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ പിച്ചായിരുന്നു ഇത്. ഞങ്ങൾ ഇത്തരം പ്രയാസകരമായ സാഹചര്യങ്ങളിൽ മുമ്പ് കളിച്ചിട്ടുണ്ട്. എന്നാൽ അന്ന് റൺസ് നേടാൻ എനിക്ക് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ ഇതും ബുദ്ധിമുട്ടേറിയതായിരുന്നു.”- രാഹുൽ പറഞ്ഞുവയ്ക്കുന്നു.