ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യ്ക്കുള്ള തിരുവനന്തപുരത്തെ പിച്ച് സംബന്ധിച്ച് ഒരുപാട് ചർച്ചകൾ ഉണ്ടായിട്ടുണ്ട്. അധികൃതരടക്കം റണ്ണോഴുകുമെന്ന് പ്രവചിച്ച പിച്ചിൽ ബോളർമാർക്ക് ഒരുപാട് സഹായം ലഭിക്കുന്നതായിരുന്നു കണ്ടത്. മത്സരത്തിന് മുഴുവൻ ഓവറുകളിലും പിച്ച് കൃത്യമായി ബോളർമാരെ പിന്തുണച്ചു. പിച്ചിന്റെ സ്വഭാവം അറിയാതെ ബാറ്റുവീശിയ ദക്ഷിണാഫ്രിക്കയുടെ മുൻനിര ഈ കുരുക്കിൽ പെടുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം പിച്ചുകളിൽ കളിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറയുന്നു.
ടീമിന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഈ ട്രിക്കി പിച്ചിലൂടെ സാധിച്ചു എന്നാണ് രോഹിത് ശർമ പറയുന്നത്. “വിക്കറ്റ് വളരെ പ്രത്യേകതയുള്ളതായിരുന്നു. പക്ഷേ ഇത്തരം മത്സരങ്ങളിലൂടെ നമ്മൾ കുറച്ചധികം പഠിക്കും. വ്യത്യസ്തമായ സാഹചര്യങ്ങളിൽ ടീമിന് എന്താണ് വേണ്ടത് എന്ന് മനസ്സിലാവും. അതിനാൽ തന്നെ ഇത്തരം മത്സരം കളിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. പിച്ചിലെ പുല്ലു കണ്ടപ്പോൾ തന്നെ സീം ബോളർമാർക്ക് സഹായം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ 20 ഓവറുകളിലും ഈ സഹായം ഉണ്ടാകുമെന്ന് കരുതിയില്ല.”- രോഹിത് പറയുന്നു.
“മത്സരത്തിലുടനീളം പിച്ച് ഒരേ ഗതിയിൽ തന്നെയായിരുന്നു. ഇരുടീമുകളും നന്നായി കളിക്കുകയും മികച്ച ടീം വിജയിക്കുകയും ചെയ്തു. എന്തായാലും ഞങ്ങളെ സംബന്ധിച്ച് മികച്ചൊരു തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറുകളിൽ തന്നെ അഞ്ച് വിക്കറ്റുകൾ നേടാൻ സാധിച്ചു. അതായിരുന്നു മത്സരത്തിലെ വഴിത്തിരിവും. മാത്രമല്ല സിം ബോളിംഗിന് സഹായം ലഭിക്കുന്ന പിച്ചുകളിൽ എങ്ങനെ ബോൾ ചെയ്യണം എന്നതിനുള്ള ഉദാഹരണം കൂടിയായിരുന്നു ഈ മത്സരം.”- രോഹിത് കൂട്ടിച്ചേർത്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യയുടെ സീം ബോളർമാർ വരിഞ്ഞുമുറുക്കുന്നതാണ് കണ്ടത്. ദക്ഷിണാഫ്രിക്കയുടെ അടിവേരിളക്കിയ ബോളർമാർ അവരെ 106 റൺസിൽ ഒതുക്കുകയായിരുന്നു. ശേഷം സൂര്യകുമാർ യാദവിന്റെയും കെ രാഹുലിന്റെയും തകർപ്പൻ ഇന്നിങ്സിന്റെ ബലത്തിൽ ഇന്ത്യ വിജയം കണ്ടു.