തന്റെ രാജ്യത്തിനായി ലോകകപ്പ് വാങ്ങിക്കൊടുത്ത ഒരു ക്രിക്കറ്റർ പിന്നീട് ക്രിക്കറ്റ് പൂർണ്ണമായും ഉപേക്ഷിച്ച് ഗോൾഫറായി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ!! എന്നാൽ അങ്ങനെ ഒരാളുണ്ട്. ഇംഗ്ലണ്ടിനായി 2010 മുതൽ 2013 വരെ 71 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ക്രെയ്ഗ് കീസ്വെറ്റർ. ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്ന ക്രിക്കറ്റ് കരിയർ നിർഭാഗ്യവശാൽ നശിച്ചുപോയ ഒരു കഥയാണ് കീസ്വെറ്ററുടേത്.
1987ൽ ദക്ഷിണാഫ്രിക്കയിൽ ജനിച്ച കീസ്വെറ്റർ പതിമൂന്നാം വയസ്സ് മുതലാണ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. തനിക്ക് വേണ്ടവിധത്തിൽ ക്രിക്കറ്റിൽ അവസരങ്ങൾ ലഭിക്കാതെ വന്നതോടെ പതിനെട്ടാം വയസ്സിൽ കീസ്വെറ്ററും കുടുംബവും ഇംഗ്ലണ്ടിലേക്ക് താമസം മാറുകയായിരുന്നു. അവിടെ തന്റെ മികവ് തെളിയിച്ച കീസ്വെറ്റർ സോമർസറ്റ് ടീമിനായി കളിച്ചുതുടങ്ങി. അങ്ങനെ കീസ്വെറ്ററുടെ കരിയർ വളർന്നു. ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ അദ്ദേഹത്തിന് 2010ൽ ഇംഗ്ലണ്ട് ടീമിലേക്ക് വിളിവന്നു. ബംഗ്ലാദേശിനെതിരെ കീസ്വെറ്റർ തന്റെ ആദ്യമത്സരം കളിച്ചു.
2010ലെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന ഏക വിക്കറ്റ് കീപ്പർ കീസ്വെറ്റർ മാത്രമായിരുന്നു. ലോകകപ്പിൽ കണ്ടത് കീസ്വെറ്ററുടെ ബാറ്റിംഗ് മികവായിരുന്നു. ലോകകപ്പ് ഫൈനലിൽ 49 പന്തുകളിൽ 63 റൺസ് നേടിയ കീസ്വെറ്റർ ഇംഗ്ലണ്ടിന് വിജയം നേടികൊടുത്തു. ടൂർണ്ണമെന്റിൽ 222 റൺസാണ് കീസ്വെറ്റർ നേടിയത്. എന്നാൽ പിന്നീട് കാര്യങ്ങൾ പ്രതീക്ഷിച്ചത് പോലെയായില്ല. 2014 ജൂണിൽ ഇംഗ്ലണ്ടിന്റെ ഒരു ആഭ്യന്തര മത്സരത്തിൽ കീസ്വെറ്ററുടെ കണ്ണിനു പരിക്കേറ്റു. ഡേവിഡ് വില്ലി എറിഞ്ഞ ബോൾ അദ്ദേഹത്തിന്റെ ഹെൽമെറ്റിലെ ഗ്രില്ലിനിടയിലൂടെ മുഖത്ത് പതിച്ചു. വലിയ പരിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയങ്കിലും പൂർണമായി കാഴ്ച ലഭിക്കാതെ കീസ്വെറ്റർ ബുദ്ധിമുട്ടി.
അങ്ങനെ 2015ൽ കണ്ണിനേറ്റ പരിക്കുമൂലം കീസ്വെറ്റർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പിന്നീട് അദ്ദേഹം ഒരു പ്രൊഫഷണൽ ഗോൾഫറായി മാറി. ഇംഗ്ലണ്ടിനായി കളിച്ച 46 ഏകദിനങ്ങളിൽ നിന്ന് 1054 റൺസും, 25 ട്വന്റി20കളിൽ നിന്ന് 526 റൺസും കീസ്വെറ്റർ നേടിയിരുന്നു. നിർഭാഗ്യവശാൽ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്ന ക്രിക്കറ്റർ തന്നെയാണ് കീസ്വെറ്റർ.