ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ടീമിന് വമ്പൻ വരവേൽപ്പ് നൽകി കെസിഎ യും സഞ്ജു ആരാധകരും. കേരളത്തനിമയോട് കൂടിയ വരവേൽപ്പ് ക്രിക്കറ്റ് അസോസിയേഷൻ നൽകിയപ്പോൾ, സഞ്ജുവിന്റെ പേര് ആർപ്പുവിളികളോടെ ചൊല്ലിയായിരുന്നു ആരാധകർ ഇന്ത്യൻ ടീമിനെ വരവേറ്റത്. കേരളത്തിൽ സഞ്ജു സാംസണുള്ള ആരാധകവൃന്ദം കണ്ടു നടുങ്ങിയ പല ഇന്ത്യൻ താരങ്ങളും തങ്ങളുടെ നവമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റുകൾ പോലും ഇടുകയുണ്ടായി.
തിരുവനന്തപുരത്ത് ഇന്ത്യൻ ടീമിന് കാണാനായത് സഞ്ജുവിന് കേരളത്തിലുള്ള ആരാധകപിന്തുണ തന്നെയായിരുന്നു. എല്ലാവരും സഞ്ജു സഞ്ജു എന്നുപറഞ്ഞുകൊണ്ട് ആവേശമായി മാറുകയായിരുന്നു. ഇതിനിടെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും യുസ്‌വേന്ദ്ര ചഹലും ആരാധകരുടെ ചിത്രങ്ങൾ തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി ഇടുകയും ചെയ്തു. ഇരുവരും സഞ്ജു സാംസണെ ടാഗ് ചെയ്തായിരുന്നു തങ്ങളുടെ പോസ്റ്റ് ഷെയർ ചെയ്തത്. അശ്വിൻ സഞ്ജു ആരാധകരോട് ഒപ്പമുള്ള സെൽഫി സ്റ്റോറിയാക്കിയപ്പോൾ, സഞ്ജുവിനായി ആർപ്പുവിളിച്ച ഒരു കൂട്ടം കാണികളുടെ ചിത്രമാണ് ചഹൽ പങ്കുവെച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും വരാനിരിക്കുന്ന ലോകകപ്പിലും സഞ്ജു സാംസൺ ഇന്ത്യയുടെ ടീമംഗമല്ലെങ്കിൽ കൂടി ആരാധകപിന്തുണയിൽ മറ്റൊരു താരത്തിനും ലഭിക്കാത്ത അംഗീകാരമാണ് സഞ്ജുവിന് ഉള്ളത്. നിലവിൽ ഇന്ത്യ എ ടീമിന്റെ ന്യൂസിലാൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ കളിക്കുകയാണ് സഞ്ജു. അതിനാൽതന്നെ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിനിടയിൽ സഞ്ജുവിന്റെ പേര് ഗാലറികളിൽ അലയടിക്കുമെന്നത് ഉറപ്പാണ്.
സെപ്റ്റംബർ 28നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരം തിരുവനന്തപുരത്ത് നടക്കുക. 3 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ട്വന്റി20യ്ക്ക് ശേഷം ഏകദിന പരമ്പരയുംമുണ്ട്. ഇതിൽ സഞ്ജു സാംസൺ അടക്കമുള്ളവരെ ഉൾപ്പെടുത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എന്തായാലും മത്സരത്തിനായി തിരുവനന്തപുരം പൂർണമായി സജ്ജമായി കഴിഞ്ഞു.