വന്മതിലിനെ മറികടന്ന് റെക്കോർഡിട്ട് കോഹ്ലി ഇനി മുമ്പിലുള്ളത് ഈ ഇതിഹാസം

   

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി20യിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു വിരാട് കോലി കാഴ്ചവച്ചത്. നിർണായക സമയത്ത് ബാറ്റിങ്ങിനിറങ്ങി സംയമനത്തോടെയാണ് കോഹ്ലി ബാറ്റ് ചെയ്തത്.ആദ്യം ആക്രമണത്തോടെ ആരംഭിച്ചെങ്കിലും മറുവശത്ത് സൂര്യ കുമാർ യാദവ് അടിച്ചു തൂക്കാൻ തുടങ്ങിയതോടെ കോഹ്ലി സമചിത്തത പാലിക്കുകയായിരുന്നു. മികച്ച പ്രകടനത്തോടെ ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായ കോഹ്ലി ഒരുപാട് റെക്കോർഡുകളും ഈ മത്സരത്തിലൂടെ മറികടക്കുകയുണ്ടായി. ഈ ഇന്നിങ്സിലൂടെ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടുന്ന രണ്ടാമത്തെ ബാറ്ററായി കോഹ്ലി മാറിയിട്ടുണ്ട്.

   

ഇന്ത്യയുടെ ചേസ് മാസ്റ്ററായ വിരാട് കോഹ്‌ലി 48 പന്തുകളിൽ 63 റൺസായിരുന്നു മത്സരത്തിൽ നേടിയത്. ഈ തകർപ്പൻ പ്രകടനത്തോടെയാണ് രാഹുൽ ദ്രാവിഡിനെ മറികടന്ന് ഇന്ത്യയ്ക്കായി ഏറ്റവുമധികം റൺസ് നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററായി കോഹ്ലി മാറിയത്. 24,064 റൺസായിരുന്നു രാഹുൽദ്രാവിഡ് തന്റെ അന്താരാഷ്ട്ര കരിയറിൽ ഇന്ത്യൻ ടീമിനായി നേടിയത്.

   

അത് മറികടന്ന കോഹ്‌ലി നിലവിൽ 24,078 റൺസുമായി രണ്ടാംസ്ഥാനത്തെത്തി. ഇന്ത്യ കണ്ട എക്കാലത്തെയും ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇപ്പോൾ വിരാട് കോഹ്‌ലിക്ക് മുൻപിലുള്ളത്. തന്റെ അന്താരാഷ്ട്ര കരിയറിൽ 34,375 റൺസാണ് ഈ ഇതിഹാസം നേടിയിട്ടുള്ളത്. മത്സരത്തിൽ മികവാർന്ന പ്രകടനം തന്നെയായിരുന്നു കോഹ്ലി കാഴ്ചവച്ചത്. സൂര്യകുമാർ യാദവ് അടിച്ചുതകർത്ത സമയത്ത് സംയമനം പാലിച്ച കോഹ്ലി പതിനാലാം ഓവറിൽ സൂര്യയുടെ വിക്കറ്റ് നഷ്ടമായ ശേഷം അടിച്ചുതൂക്കുകയായിരുന്നു.

   

അവസാന ഓവറിൽ ഇന്ത്യയെ കരയ്ക്കടുപ്പിച്ച ശേഷമായിരുന്നു കോഹ്ലി മടങ്ങിയത്. കോഹ്ലി പുറത്തായ ശേഷം അവസാന രണ്ട് ബോളുകളിൽ നാലു റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ അടുത്ത ബോളിൽ ഒരു ബൗണ്ടറി നേടി ഹർദിക് പാണ്ഡ്യ ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയും ചെയ്തു. എന്തായാലും മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണ് ഇന്ത്യ മത്സരത്തിൽ കാഴ്ചവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *