റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ന് സച്ചിന്റെ ഇന്ത്യൻ ലെജൻസ് ബംഗ്ലാദേശ് ലജൻസ് ടീമിനെതിരെ ഏറ്റുമുട്ടും. റോഡ് സേഫ്റ്റി വേൾഡ് സീരിസിലെ 18ആം മത്സരമാണിത്. വൈകിട്ട് 7 30ന് ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റുകൊണ്ടും ബോളുകൊണ്ടും നടത്തിയ മികച്ച പ്രകടനത്തിന്റെ ബലത്തിലാവും ഇന്ന് സച്ചിന്റെ പട ഇറങ്ങുക.
കഴിഞ്ഞ നാലു മത്സരങ്ങളിൽ രണ്ടെണ്ണമാണ് ഇന്ത്യൻ ലെജൻസ് ടീമിന് ജയിക്കാനായത്. ബാക്കി രണ്ടു മത്സരങ്ങളും മഴമൂലം ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു സച്ചിൻ ടെണ്ടുൽക്കർ കാഴ്ചവെച്ചത്. 15 ഓവറായി ചുരുക്കിയ മത്സരത്തിൽ സച്ചിന്റെയും(40) യുവരാജ് സിങ്ങിന്റെയും(31) യൂസഫ് പത്താന്റെയും(27) മികവിൽ ഇന്ത്യ 170 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ സ്കോറിന്റെ അടുത്തെത്താൻ പോലും ഇംഗ്ലണ്ടിനായിരുന്നില്ല.
എന്നാൽ ബംഗ്ലാദേശിനെ സംബന്ധിച്ച് മികച്ച ഒരു സീസണായിരുന്നില്ല ഇത്. ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും വിജയിക്കാൻ ബംഗ്ലാദേശ് സാധിച്ചിട്ടില്ല. ഓസ്ട്രേലിയക്കെതിരായ അവസാന മത്സരത്തിൽ അവസാന ബോളിലായിരുന്നു ബംഗ്ലാദേശിന് മത്സരം നഷ്ടമായത്. അതിനാൽതന്നെ ടൂർണമെന്റിലെ ആദ്യ വിജയം ലക്ഷ്യംവെച്ചാവും ബംഗ്ലാദേശ് ഇറങ്ങുക. ഇന്ത്യൻ ടീമിൽ ഇന്നത്തെ മത്സരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല.
നമൻ ഓജയും സച്ചിൻ ടെണ്ടുൽക്കറും സുരേഷ് റെയ്നയും യുവരാജ് സിംഗുമൊക്കെ തന്നെ ഇന്ത്യയുടെ ബാറ്റിംഗ് നിരയെ നയിക്കും. ബോളിംഗിൽ ഇർഫാൻ പത്താനും രാജേഷ് പവാറും പ്രഗ്യാൻ ഓജയുമാണ് തെര് തെളിക്കുക. മത്സരം വൈകിട്ട് 7 30നാണ് നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തിന് ചെറിയ രീതിയിൽ മഴ ഭീഷണിയുമുണ്ട്. 7.30 മുതൽ കളേഴ്സ് സിനിപ്ലക്സിലും വൂട്ടിലും മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. പേപ്പറിലെ ആധിപത്യം ഇന്ത്യൻ ടീമിന് മൈതാനത്ത് കാട്ടാനാകുമോ എന്നത് അറിയേണ്ടത് തന്നെയാണ്.