കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി സ്ഥിരതയുള്ള ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതെ വന്ന ക്രിക്കറ്റായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. എല്ലാ മത്സരങ്ങളിലും മികച്ച സ്ട്രൈക്ക് റേറ്റോടെ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയിരുന്നെങ്കിലും പലപ്പോഴും ടീമിന്റെ നെടുംതൂണാവാൻ രോഹിത്തിന് സാധിച്ചിരുന്നില്ല. എന്നാൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തോടെ തന്റെ പ്രതാപകാലത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് രോഹിത് ഇപ്പോൾ. ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20യിൽ വെറും 20 പന്തുകളിൽ 46 റൺസ് നേടിയാണ് രോഹിത് ഇന്ത്യക്കായി വിജയവഴി തെളിച്ചത്.
ഈ രോഹിതിനെയാണ് ഇന്ത്യൻ ടീമിന് ആവശ്യം എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ വസീം ജാഫർ ഇപ്പോൾ പറയുന്നത്. രോഹിത് ഈ നിലവാരത്തിൽ തന്നെ ഇനിയുള്ള മത്സരങ്ങൾ കളിക്കണമെന്ന് ജാഫർ പറയുന്നു. രോഹിത്തിന്റെ ഈ നിർണായക ഇന്നിംഗ്സ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യ മത്സരത്തിൽ പൂർണമായും പരാജയമറിഞ്ഞേനെ എന്ന് ജാഫർ പറയുന്നു. “ഇന്ത്യക്കാവശ്യം ഈ രോഹിതിനെയാണ്. സിക്സ് ഹീറ്റിങ് അയാൾ വളരെ അനായാസം ചെയ്യുന്നുണ്ട്, മാധുര്യമേറിയ ടൈമിംഗോടെ.
അയാളുടെ ബോഡിയിലേക്ക് വരുന്ന ഷോർട്ട് ബോളുകളെ നേരിടുന്നതിൽ വളരെ മികവു കാട്ടുന്നുണ്ട്. രോഹിത്തിന്റെ ഇന്നിംഗ്സ് ഒരു ഇരുപതിലൊ മുപ്പതിലൊ അവസാനിച്ചിരുന്നെങ്കിൽ ഇന്ത്യ മത്സരത്തിൽ പരാജയപ്പെട്ടേനെ. അയാൾ അവസാനം വരെ ബാറ്റുചെയ്യേണ്ടത് പ്രധാനം തന്നെയായിരുന്നു.”- ജാഫർ പറയുന്നു. “ഇന്ത്യയെ സംബന്ധിച്ച് നോക്കിയാൽ രോഹിത്തിന്റെ ഇന്നിംഗ്സ് തന്നെയായിരുന്നു കളിയിൽ വ്യത്യാസമുണ്ടാക്കിയത്. രോഹിത് മാത്രമായിരുന്നു ഇന്ത്യൻ നിരയിൽ നന്നായി ബാറ്റ് ചെയ്തത്.
അല്ലാത്തപക്ഷം കൃത്യമായി സ്ലോ ബോളുകൾ ഓഫ് സ്റ്റമ്പിന് പുറത്തെറിയാൻ തന്ത്രം രൂപീകരച്ച് തന്നെയായിരുന്നു ഓസീസ് ബൗളർമാർ എത്തിയത്. അങ്ങനെയുള്ള ബോളുകളിൽ സിക്സർ നേടാൻ രോഹിത്തിനെ പോലെ മറ്റാർക്കും സാധിക്കില്ല.”- ജാഫർ കൂട്ടിച്ചേർക്കുന്നു. മത്സരത്തിൽ നാല് ബൗണ്ടറികളും നാല് സിക്സറുകളുമായിരുന്നു രോഹിത് ശർമ നേടിയത്. രോഹിത്തിന്റെ മികച്ച ബാറ്റിംഗിന്റെ ബലത്തിൽ ഓസ്ട്രേലിയ ഉയർത്തിയ വിജയലക്ഷ്യം ഇന്ത്യ 7.2 ഓവറിൽ മറികടന്നു. ഈ വിജയത്തോടെ പരമ്പര സമനിലയിലാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.