തുടർച്ചയായി കാലാവസ്ഥയുടെ പ്രതികൂലാവസ്ഥ സാരമായി ബാധിക്കുമ്പോഴും സച്ചിനും കൂട്ടരും ഇന്ന് ഇംഗ്ലണ്ടിൽ ലെജൻസിനെ നേരിടാനിറങ്ങുന്നു. റോഡ് സേഫ്റ്റി വേൾഡ് സീരീസിലെ പതിനാലാം മത്സരത്തിൽ ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്. മഴമൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും റിസൾട്ട് കണ്ടെത്താൻ സാധിക്കാതിരുന്ന ഇന്ത്യ ലെജൻസ് ടീമിനെ സംബന്ധിച്ച് നിർണായകം തന്നെയാണ് ഈ മത്സരം.
ടൂർണ്ണമെന്റിൽ വളരെ മികച്ച തുടക്കമായിരുന്നു ഇന്ത്യൻ ലെജൻഡ്സ് ടീമിന് ലഭിച്ചിരുന്നത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ലെജൻസ് ടീമിനെ സച്ചിനും കൂട്ടരും ചുരുട്ടിക്കെട്ടി. എന്നാൽ അതിനുശേഷമുള്ള രണ്ടു മത്സരങ്ങളിലും ആ താളം മുൻപിലേക്ക് കൊണ്ടുപോകാൻ ഇന്ത്യയ്ക്കായില്ല. വിൻഡീസിനെതിരായ അടുത്ത മത്സരം മഴമൂലം പൂർണമായും ഉപേക്ഷിക്കേണ്ടിവന്നു. അതേ അവസ്ഥ തന്നെയായിരുന്നു ന്യൂസിലാൻഡിനെതിരായ മത്സരത്തിലും സംഭവിച്ചത്.ന്യൂസിലാൻഡിനെതിരെ വളരെ മികച്ച രീതിയിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കർ ബാറ്റിങ് ആരംഭിച്ചത്. എന്നാൽ മഴ വില്ലനായി വരികയായിരുന്നു.
ഇംഗ്ലണ്ട് ടീമും ഇത്തവണത്തെ ടൂർണ്ണമെന്റിൽ പൂർണ്ണമായും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ലെജൻസ് പൂർണമായി പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ മൂന്നാം മത്സരത്തിൽ വിൻഡീസിനെതിരെ വീണ്ടും പരാജയം ഏറ്റുവാങ്ങി. അതിനാൽ തന്നെ ടൂർണമെന്റിലെ ആദ്യ വിജയത്തിനായാവും ഇംഗ്ലണ്ട് ലെജൻഡ്സ് ഇന്ന് ഇറങ്ങുന്നത്.
കടലാസിൽ ശക്തർ ഇന്ത്യൻ ടീം തന്നെയാണ്. നമൻ ഓജയും സച്ചിൻ ടെണ്ടുൽക്കറും സുരേഷ് റെയ്നയും യുവരാജ് സിങ്ങുമടങ്ങുന്ന ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യ ലെജൻസിന്റെ ശക്തി. മറുവശത്ത് ഇയാൻ ബെല്ലിനെയും മസ്റ്റർഡിനേയും പോലുള്ള കോളിറ്റി ബാറ്റർമാർ ഉണ്ടെങ്കിലും ആരുംതന്നെ മികവുകാട്ടാത്തത് ഇംഗ്ലണ്ടിനെ ബാധിക്കുന്നുണ്ട്. മത്സരത്തിന് മഴ ഭീഷണിയുമുണ്ട്.