ക്രിക്കറ്റിലെ ഇതിഹാസങ്ങളിൽ ഒരാളായ സച്ചിൻ ടെണ്ടുൽക്കർ രചിച്ച ഒരുപാട് റെക്കോർഡുകളുണ്ട്. മൈതാനത്ത് ക്രിക്കറ്റിനെ ഒരു ആവേശമാക്കി മാറ്റിയ സച്ചിൻ ലോകക്രിക്കറ്റിൽ മറ്റാർക്കും സാധിക്കാത്ത ഒരുപാട് നാഴികക്കല്ലുകൾ താണ്ടുകയുണ്ടായി. ഇതിൽ ഒന്നായിരുന്നു സെഞ്ചുറികൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് 100 സെഞ്ച്വറികൾ പൂർത്തീകരിച്ചിട്ടുണ്ട്. സെഞ്ച്വറികളുടെ റെക്കോർഡിൽ സച്ചിന്റെ പിന്നിലുള്ള രണ്ട് ക്രിക്കറ്റർമാർ വിരാട് കോഹ്ലിയും റിക്കി പോണ്ടിങ്ങുമാണ്.
വിരാട് കോഹ്ലിക്ക് സച്ചിന്റെ 100 സെഞ്ച്വറികൾ എന്ന റെക്കോർഡ് മറികടക്കാനാവുമെന്നാണ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. “മൂന്നുവർഷം മുമ്പാണ് ഈ ചോദ്യങ്ങൾ ഉയർന്നിരുന്നതെങ്കിൽ സച്ചിന്റെ റെക്കോർഡ് കോഹ്ലി അനായാസം തകർത്തേനെ എന്ന് ഞാൻ പറയുമായിരുന്നു. എന്നാൽ സത്യാവസ്ഥ നോക്കിയാൽ ഇപ്പോൾ കാര്യങ്ങൾ പതിഞ്ഞതാളത്തിൽ ആയിട്ടുണ്ട്.
കോഹ്ലിയുടെ സെഞ്ച്വറിനേട്ടത്തിലും ഈ മെല്ലെപ്പോക്ക് കാണാനാവും. എന്നിരുന്നാലും ഞാൻ ഇപ്പോഴും കരുതുന്നത് കോഹ്ലിക്ക് സച്ചിന്റെ 100 സെഞ്ച്വറികൾ എന്ന റെക്കോർഡ് മറികടക്കാനാകും എന്ന് തന്നെയാണ്. ഒരുപാട് വർഷങ്ങൾ അയാൾക്ക് മുൻപിലുണ്ട്”- പോണ്ടിങ് പറയുന്നു. “എന്നിരുന്നാലും സച്ചിനെക്കാളും 29 സെഞ്ചുറികൾ കോഹ്ലിക്ക് ഇപ്പോൾ കുറവാണ്. അടുത്ത മൂന്ന്-നാല് വർഷങ്ങളിൽ അഞ്ചോ ആറോ ടെസ്റ്റ് സെഞ്ച്വറികൾ വീതവും, രണ്ട് ഏകദിന സെഞ്ച്വറികൾ വീതവും.
ഒരു ട്വന്റി20 സെഞ്ച്വറി വീതവും നേടാനായാൽ കോഹ്ലി സച്ചിനെ മറികടക്കും.”- പോണ്ടിംഗ് കൂട്ടിച്ചേർക്കുന്നു. “വിരാടിന്റെ കാര്യത്തിൽ പ്രവചനങ്ങൾക്ക് അർത്ഥമില്ല. അയാൾക്ക് ഫോമായാൽ എന്തും സാധിക്കും. അയാൾ റൺസിനോട് അങ്ങേയറ്റം ആവേശമുള്ള ആളാണ്”- പോണ്ടിംഗ് പറഞ്ഞുവയ്ക്കുന്നു. നിലവിൽ മികച്ച ഫോമിലേക്ക് തിരിച്ചുവന്നിരിക്കുന്ന കോഹ്ലി ഇന്ത്യയ്ക്കായി ഇനിയും സെഞ്ചുറികൾ നേടുമെന്ന് തന്നെയാണ് പ്രതീക്ഷ.