കഴിഞ്ഞ സമയങ്ങളിൽ വളരെയേറെ വിമർശനങ്ങൾ കേട്ട ഒരു ക്രിക്കറ്റർ തന്നെയായിരുന്നു വിരാട് കോഹ്ലി. എന്നാൽ ലോകകപ്പിലെ മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ കോഹ്ലി വിമർശനങ്ങൾക്കൊക്കെയും മറുപടി നൽകുകയുണ്ടായി. ശേഷം വളരെ പ്രതീക്ഷയോടെ തന്നെയാണ് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലേക്ക് വിരാട് എത്തിയത്. എന്നാൽ മത്സരത്തിൽ വെറും രണ്ട് റൺസ് മാത്രം നേടാനേ വിരാട് കോലിക്ക് സാധിച്ചുള്ളു. എല്ലിസ് എറിഞ്ഞ ബോളിൽ ഗ്രീന് ക്യാച്ച് നൽകിയായിരുന്നു കോഹ്ലി കൂടാരം കയറിയത്.
ഇത്തരം സ്പിന്നർമാർക്കെതിരെ വിരാട് പലപ്പോഴും അമിത ആത്മവിശ്വാസം കാട്ടുന്നതായി അദ്ദേഹത്തിന്റെ ചെറുപ്പകാല കോച്ചായ രാജ്കുമാർ ശർമ മുൻപ് പറയുകയുണ്ടായി. ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപയ്ക്ക് മുൻപിലും പലതവണ വിരാട് വിക്കറ്റ് വലിച്ചെറിഞ്ഞതായി രാജ്കുമാർ പറയുന്നു.”ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഞാൻ വിരാടിനെ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും ഓസീസ് സ്പിന്നർ ആദം സാംപയ്ക്ക് മുൻപിൽ വിരാടിന് വിക്കറ്റ് നഷ്ടപ്പെടുകയുണ്ടായി.
ഇതിനു കാരണം അയാളുടെ അമിതമായ ആത്മവിശ്വാസമാണ്. സാംപ എപ്പോൾ ബോളെറിയാൻ വന്നാലും കോഹ്ലി അയാളെ അടിച്ചുതൂക്കാൻ ശ്രമിക്കും. അങ്ങനെ വിക്കറ്റ് നഷ്ടപ്പെടും”- രാജ്കുമാർ പറഞ്ഞു. “ഇക്കാരണം കൊണ്ട് തന്നെയും നല്ല ബോളുകളെ കോഹ്ലി കുറച്ചുകൂടി ബഹുമാനിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. കൂടാതെ മോശം ബോളുകളെ ശിക്ഷിക്കുകയും വേണം. സാംമ്പയ്ക്കെതിരെ ബാലൻസ്ഡ് ആയ സമീപനം കോഹ്‌ലി സ്വീകരിക്കുന്നതാണ് ഉത്തമം.” -രാജ്കുമാർ കൂട്ടിച്ചേർക്കുന്നു.
ഇതുവരെ ഏകദിനങ്ങളിലും ട്വന്റി20കളുമായി 7 തവണ വിരാട് കോലി ആദം സാംപയ്ക്ക് മുൻപിൽ വീണിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ 2 ട്വന്റി20കൾ കൂടി അവശേഷിക്കുമ്പോൾ രാജ്കുമാർ ശർമ്മയുടെ ഈ നിരീക്ഷണം വിരാടിന് ഗുണം ചെയ്യാൻ സാധ്യതയുണ്ട്. ആദ്യമത്സരത്തിലെ മോശംപ്രകടനം കോഹ്ലിയെ പിന്നിലേക്ക് അടിപ്പിക്കാനും സാധ്യതകൾ ഏറെയാണ്.