ഏഷ്യാകപ്പിനുശേഷം ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ഒന്നാണ് ഇന്ത്യയുടെ സീം ബോളിംഗ് നിര. ഭുവനേശ്വർ കുമാറും ആവേഷ് ഖാനും അർഷദീപ് സിങ്ങുമടങ്ങിയ ഏഷ്യാകപ്പ് ഇന്ത്യയുടെ ബോളിങ് നിര പൂർണമായും താളം തെറ്റിയതോടെയായിരുന്നു ചർച്ചകൾ കൊഴുത്തത്. ഇന്ത്യ ഏഷ്യാകപ്പിലേക്ക് ഒരു സീം ബോളറെകൂടി ഉൾപ്പെടുത്തെണ്ടിയിയിരുന്നു എന്ന അഭിപ്രായം പലരും ഉന്നയിക്കുകയുണ്ടായി. എന്നാൽ ലോകകപ്പിലെ സ്‌ക്വാഡിലേക്ക് ബോളർമാരെ തിരഞ്ഞെടുക്കുന്നതിലും ഇന്ത്യൻ സെലക്ടർമാർക്ക് തെറ്റുപറ്റി എന്ന് അഭിപ്രായമാണ് മുൻ ക്രിക്കറ്റർ ഡാനിഷ് കനേറിയ ഇപ്പോൾ പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യ ഉമ്രാൻ മാലിക്കിന് വേണ്ടവിധത്തിൽ അവസരങ്ങൾ നൽകി ലോകകപ്പിന് സജ്ജനാകേണ്ടതായിരുന്നു എന്ന് കനേറിയ പറയുന്നു.
“ഇന്ത്യ ഇതിനുമുമ്പ് ഉമ്രാൻ മാലിക്കിനെ പരീക്ഷിക്കേണ്ടിയിരുന്നു. ഓസ്ട്രേലിയൻ പിച്ചുകളിൽ ഇന്ത്യക്ക് ആവശ്യം ഉമ്രാൻ മാലിക്കിനേപോലെ നല്ല പേസിൽ ബോൾ ചെയ്യുന്ന ക്രിക്കറ്ററെയാണ്. നിലവിൽ ജസ്പ്രീത് ബുംറ വലിയൊരു പരിക്കിൽ നിന്നാണ് വരുന്നത്. അതിനാൽ പഴയ താളത്തിൽ എത്താൻ കുറച്ചു സമയമെടുക്കും.”- കനേറിയ പറയുന്നു.
” ഉമ്രാൻ ചെറുപ്പക്കാരനാണ്. നമുക്കാവശ്യം ആ പേസിൽ ബോൾ ചെയ്യുന്നവരെയാണ്. ഏഷ്യാകപ്പിൽ ആവേഷ് ഖാന് പകരം ഉമ്രാൻ മാലിക്കിനെ ഇന്ത്യ കളിപ്പിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ അത് അയാൾക്ക് എല്ലാ കാര്യങ്ങളിലും വ്യക്തതയും നൽകിയേനെ. “- ഡാനിഷ് കനേറിയ കൂട്ടിച്ചേർത്തു.ഇതോടൊപ്പം ജസ്പ്രിറ്റ് ബുമ്രയുടെയും ഹർഷൽ പട്ടേലിന്റെയും ഫിറ്റ്നസ് സംബന്ധിച്ച് ആശങ്കയും കനേറിയ പങ്കുവയ്ക്കുകയുണ്ടായി.
ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും പെട്ടെന്ന് തന്നെ താങ്കളുടെ ഫോം തിരിച്ചു പിടിക്കേണ്ടതാണ് എന്ന് ഡാനിഷ് കനേറിയ പറയുന്നു. വലിയ പരിക്കിൽ നിന്ന് വരുന്നതിനാൽ തന്നെ ബുമ്രയുടെ ഫിറ്റ്നസ് സംബന്ധിച്ച് വ്യക്തത കുറവുണ്ടെന്നാണ് കനെറിയയുടെ അഭിപ്രായം. എന്തായാലും ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലൂടെ ഇരുവരും ഫോമിൽ തിരിച്ചെത്തുമെന്ന് തന്നെയാണ് വിശ്വാസം.