ക്രിക്കറ്റിൽ ഏറ്റവും നന്നായി നേരിടാൻ സാധിക്കുന്നത് സ്പിൻ ബോളർമാരെയാണ്. അതേപോലെ തന്നെ ചില സാഹചര്യങ്ങളിൽ നേരിടാൻ പ്രയാസമുള്ളതും അതേ സ്പിൻ ബോളുകളാണ്. അങ്ങനെ ലോകക്രിക്കറ്റിലെ ബാറ്റർമാരെ എല്ലാതരത്തിലും കുഴപ്പിച്ച ഒരു സ്പിൻ മാന്ത്രികൻ ഉണ്ടായിരുന്നു. ലളിതമായ ശൈലിയിൽ വന്ന് ബോൾ ചെയ്യുന്ന ഒരു ശ്രീലങ്കൻ സ്പിന്നർ. പ്രഥമദൃഷ്ട്യാ ബാറ്റർമാർക്ക് പ്രയാസം തോന്നില്ലെങ്കിലും അയാളുടെ ബോളുകളുടെ ഗതിയും ദിശയും നിർണയിക്കാൻ അക്കാലത്തെ പല ബാറ്റർമാരും കഷ്ടപ്പെട്ടിരുന്നു. ആ സ്പിന്നറായിരുന്നു മുത്തയ്യ മുരളീധരൻ.
1972ൽ ശ്രീലങ്കയിലെ ക്വാണ്ടിയിലാണ് മുത്തയ്യ മുരളീധരൻ ജനിച്ചത്. ചെറുപ്പകാലം മുതൽ സ്കൂൾ ക്രിക്കറ്റിൽ സജീവമായിരുന്നു മുത്തയ്യ. ആദ്യ സമയത്ത് ഒരു മീഡിയം പേസ് ബോളറായിയായിരുന്നു മുത്തയ്യ മുരളീധരൻ കളിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സ്കൂൾ കോച്ച് ഓഫ് സ്പിന്നറാവാൻ പ്രോത്സാഹിപ്പിച്ചു. ശേഷം വലിയ താമസമില്ലാതെ മുരളീധരൻ സ്കൂൾ ക്രിക്കറ്റിൽ അത്ഭുതങ്ങൾ കാട്ടിതുടങ്ങി. ആദ്യസമയത്ത് ബാറ്റിങ്ങിലും ശ്രദ്ധിച്ചിരുന്ന മുരളീധരൻ പിന്നീട് പൂർണമായ ശ്രദ്ധ ബോളിങ്ങിലേക്ക് മാത്രമായി മാറ്റി.
ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിയതോടെ 1992ൽ തന്റെ ഇരുപതാം വയസ്സിൽ മുരളീധരൻ ശ്രീലങ്കൻ ടീമിൽ എത്തുകയായിരുന്നു. ശേഷം മുരളീധരൻ തീർത്തത് റെക്കോർഡുകളുടെ ഒരു പെരുമഴയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റുകൾ നേടുകയും ഏകദിനത്തിൽ 530 വിക്കറ്റുകളിൽ അധികവും നേടുകയും ചെയ്ത ഒരേയൊരു സ്പിന്നറായി മുരളീധരൻ മാറി. പലപ്പോഴും മുരളിയുടെ ബോളിംഗ് ആക്ഷൻ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി ഈ ഇതിഹാസം ക്രിക്കറ്റിനെ ഞെട്ടിച്ചിരുന്നു.
ശ്രീലങ്കയ്ക്കായി 133 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 800 വിക്കറ്റുകളും 350 ഏകദിനങ്ങളിൽ നിന്ന് 534 വിക്കറ്റുകളും മുത്തയ്യ മുരളീധരൻ വീഴ്ത്തിയിട്ടുണ്ട്. ആഭ്യന്തരക്രിക്കറ്റിൽ കെന്റ്, ചെന്നൈ, കൊച്ചി, ചിറ്റഗോങ്, ബാംഗ്ലൂർ, മെൽബൺ തുടങ്ങിയ ടീമുകൾക്കായും ഈ ഇതിഹാസം കളിച്ചു. ലോകം കണ്ട ഏറ്റവും മികച്ച സ്പിൻ ബോളറാണ് മുത്തയ്യ മുരളീധരൻ എന്ന് നിസ്സംശയം പറയാനാവും.