ഇന്ത്യയുടെ നിലവിലെ ട്വന്റി20 പോരാട്ടങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇന്ത്യയിലൊട്ടാകെയുള്ള യുവ ക്രിക്കറ്റർമാർക്ക് ദേശീയ ടീമിലേക്ക് എത്താൻ അവസരം നൽകുന്നുണ്ട് ഐപിഎൽ. കഴിഞ്ഞ ഐപിഎൽ സീസണിൽ ഒരുപാട് യുവക്രിക്കറ്റർമാർക്ക് ലേലത്തിലൂടെ വമ്പൻ തുക ലഭിക്കുകയുണ്ടായി.എന്നാൽ ഇവരിൽ പലരും കളിയിലേക്ക് വന്നപ്പോൾ നിറംമങ്ങി. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ പത്ത് കോടിക്ക് മുകളിൽ പണം നേടി ടീമിൽ ചേക്കേറിയവരിൽ 6 ഇന്ത്യക്കാർക്കാണ് ലോകകപ്പ് സ്‌ക്വാഡിൽ ഇടംപിടിക്കാൻ സാധിക്കാതെ വന്നത്. അവരെ പരിശോധിക്കാം.
1. സഞ്ജു സാംസൺ : ട്വന്റി20 ലോകകപ്പിന് അനുയോജ്യനായിരുന്നിട്ടും നിർഭാഗ്യം കൊണ്ട് മാത്രം ടീമിൽ സ്ഥാനം ലഭിക്കാതെ പോയ ക്രിക്കറ്ററാണ് സഞ്ജു സാംസൺ. ഈ വർഷം മുഴുവനും ഐപിഎല്ലിൽ ഇന്ത്യക്കായി സഞ്ജു മികച്ച പ്രകടനം നടത്തിയിരുന്നു. 2022 ഐപിഎല്ലിൽ 14 കോടിയ്ക്കായിരുന്നു രാജസ്ഥാൻ സഞ്ജുവിനെ സ്വന്തമാക്കിയത്.
2. ആവേഷ് ഖാൻ : ഐപിഎൽ 2022ൽ 10 കോടി രൂപയ്ക്കാണ് ആവേഷ് ഖാനെ ലക്നൗ സ്വന്തമാക്കിയത്. മികച്ച പ്രകടനങ്ങൾ നടത്തി ആവേഷ് ദേശീയ ടീമിലെത്തുകയും ചെയ്തു. എന്നാൽ ഏഷ്യാക്കപ്പിലെ ഇന്ത്യൻ ടീമംഗമായിരുന്ന ആവേഷിന് ലോകകപ്പിൽ ഇടം കണ്ടെത്താൻ സാധിച്ചില്ല.
3. പ്രസിദ് കൃഷ്ണ : കഴിഞ്ഞ ഐപിഎല്ലിൽ പത്തുകോടി തുക നേടിയ ക്രിക്കറ്ററായിരുന്നു പ്രസിദ് കൃഷ്ണ. മികച്ച പ്രകടനങ്ങളോടെ പ്രസിദ് ഇന്ത്യയുടെ ഏകദിന ടീമിൽ ഇടംപിടിക്കുകയും ചെയ്തു. എന്നാൽ ട്വന്റി20 സ്‌ക്വാഡിൽ കയറിപ്പറ്റാൻ പ്രസിദിന് സാധിച്ചില്ല.
4. ശർദുൽ താക്കൂർ : പേസ് ബോളിഗ് ഓൾറൗണ്ടറായ താക്കൂറിനെ 10.75 കോടി രൂപയ്ക്കായിരുന്നു ഡൽഹി സ്വന്തമാക്കിയത്. എന്നാൽ ഐപിഎല്ലിൽ മോശം പ്രകടനം കാഴ്ചവച്ചത് താക്കൂറിന്റെ ലോകകപ്പ് ടീമിലെ സ്ഥാനത്തെ ബാധിച്ചു.
5. മായങ്ക് അഗർവാൾ : ഐപിഎല്ലിൽ പഞ്ചാബ് ടീം ക്യാപ്റ്റനായ അഗർവാളിനെ 12 കോടി രൂപയായിരുന്നു ടീം സ്വന്തമാക്കിയത്. എന്നാൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ അഗർവാളിന് സാധിച്ചില്ല. ഇന്ത്യൻ ട്വന്റി20 ടീമിൽ ഇതേവരെ മായങ്ക് കളിച്ചിട്ടുമില്ല.
6. ഇഷാൻ കിഷൻ : ഐപിഎല്ലിലെ ഈ വർഷത്തെ ഏറ്റവും വിലകൂടിയ താരമായിരുന്നു ഇഷാൻ കിഷൻ. 15.25 കോടിരൂപയ്ക്ക് മുംബൈയാണ് കിഷനെ സ്വന്തമാക്കിയത്.പക്ഷേ ടൂർണ്ണമെന്റിലുടനീളം മോശം ഫോം കിഷൻ തുടർന്നു. ഇപ്പോൾ ഇന്ത്യൻ ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിൽ ഇടംപിടിക്കുന്നതിലും കിഷൻ പരാജയപ്പെട്ടു.