സഞ്ജു സാംസനെ ഇന്ത്യയുടെ ലോകകപ്പിനുള്ള ട്വന്റി20 സ്ക്വാഡിൽ നിന്ന് പുറത്താക്കിയതിനെതിരെ ഒരുപാട് മുൻ ക്രിക്കറ്റർമാർ രംഗത്തുവന്നിരുന്നു. അതിലൊരാളാണ് മുൻ പാക് താരം ഡാനിഷ് കനേറിയ. ഇന്ത്യ റിഷഭ് പന്തിന് പകരം സഞ്ജു സാംസനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തണം എന്ന നിലപാട് മുൻപ് കനേറിയ അറിയിച്ചിരുന്നു. ഇന്ത്യൻ സ്‌ക്വാഡിൽ പന്തിനുപകരം സഞ്ജുവിനെ ഉൾപ്പെടുത്താതെയിരുന്നത് ഇന്ത്യയുടെ തെറ്റായ തീരുമാനം തന്നെയാണെന്ന് ആവർത്തിക്കുകയാണ് ഡാനിഷ് കനേറിയ ഇപ്പോൾ.
ഓസ്ട്രേലിയൻ പിച്ചുകളിൽ സഞ്ജു സാംസന്റെ പ്രകടനങ്ങൾ ഇന്ത്യയ്ക്ക് വളരെയേറെ ഗുണം ചെയ്തേനേ എന്ന നിലപാടാണ് ഡാനിഷ് കനേറിയയ്ക്ക് ഉള്ളത്. “ഇന്ത്യ, ടീമംഗങ്ങളുടെ സൗഹൃദങ്ങൾ ഒരുവശത്തു സൂക്ഷിക്കണം. അതിന്റെ അടിസ്ഥാനത്തിൽ ടീം സെലക്ട് ചെയ്യാൻ പാടില്ല. പന്ത് ഒരു ട്വന്റി20 കളിക്കാനായി തോന്നുന്നില്ല. 50 ഓവർ ക്രിക്കറ്റിലും ടെസ്റ്റ് മത്സരങ്ങളിലുമാണ് പന്ത് കൂടുതൽ നല്ല ചോയിസാവുന്നത്. “- ഡാനിഷ് കനേറിയ പറയുന്നു.
“എന്തൊക്കെ അടിസ്ഥാനത്തിൽ നോക്കിയാലും ഋഷഭ് പന്തിനേക്കാളും മികച്ച ഓപ്ഷൻ സഞ്ജു സാംസൺ തന്നെയാണ്. പന്തിന്റെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങൾ അത്ര മികച്ചതായിരുന്നില്ല. ദിനേശ് കാർത്തിക്കും ടീമിൽ അവസരത്തിനായി കാത്തിരിക്കുകയാണ്.”- തന്റെ യൂട്യൂബ് ചാനലിലൂടെ ഡാനിഷ് കനേറിയ കൂട്ടിച്ചേർക്കുന്നു.
“സഞ്ജു സാംസൺ എന്തായാലും ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമാകേണ്ട ക്രിക്കറ്റർ തന്നെയാണ്. 2022ൽ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ വളരെ ശ്രദ്ധേയമായ പ്രകടനമായിരുന്നു സഞ്ജു കാഴ്ച വച്ചിരുന്നത്. അയാളുടെ സാങ്കേതികത്വം വളരെ നല്ലതാണ്. മാത്രമല്ല ഓസ്ട്രേലിയയിലെ പിച്ചകൾ സഞ്ജുവിന്റെ ശൈലിക്ക് വളരെയധികം അനുയോജ്യമായിരുന്നു. ഇതിനർത്ഥം പന്ത് ഒരു മോശം കളിക്കാരനാണെന്നല്ല. എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിന്റെ ഭാഗമാകേണ്ട ക്രിക്കറ്ററല്ല റിഷഭ് പന്ത്.” – ഡാനിഷ് കനേറിയ പറഞ്ഞുവയ്ക്കുന്നു. മുൻപ് തന്റെ യൂട്യൂബ് ചാനലിലൂടെ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്ത തീരുമാനത്തെ കനേറിയ വിമർശിച്ചിരുന്നു.