അഫ്ഗാനിസ്ഥാൻ എന്ന ക്രിക്കറ്റ് ടീമിന്റെ വളർച്ച വളരെ പെട്ടെന്ന് തന്നെയായിരുന്നു. ഒരുകാലത്ത് വലിയ പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കാതിരുന്ന ടീം, നിലവിൽ ഏറ്റവും മികച്ച ഫോമിലാണുള്ളത്. കഴിഞ്ഞ ഏഷ്യാകപ്പിലടക്കം വമ്പൻ ടീമുകളെ അഫ്ഗാനിസ്ഥാൻ അനായാസം കീഴടക്കുകയുമുണ്ടായി. അഫ്ഗാനിസ്ഥാന്റെ ഈ വളർച്ചയിൽ ഏറ്റവും പ്രധാനിയായ ക്രിക്കറ്റർ അവരുടെ മുൻ ക്യാപ്റ്റനായിരുന്ന അസ്ഗർ അഫ്ഗാനായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സമീപകാലത്ത് വിരമിച്ച അഫ്ഗാൻ ഇന്ത്യൻ ടീമിനെതിരെ തങ്ങൾ ഉപയോഗിച്ച തന്ത്രങ്ങൾ വെളിപ്പെടുത്തുകയാണ് ഇപ്പോൾ.
ഇന്ത്യൻ ടീമിനെതിരെ കളിക്കുമ്പോൾ വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും എത്രയും വേഗം പുറത്താക്കാനുള്ള തന്ത്രങ്ങളാണ് തങ്ങൾ രൂപീകരിക്കാറുള്ളതെന്നാണ് അഫ്ഗാൻ പറയുന്നത്. “എപ്പോഴൊക്കെ ഞങ്ങൾ ഇന്ത്യയ്ക്കെതിരെ കളിച്ചാലും ഞങ്ങളുടെ തന്ത്രങ്ങൾ രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും ഇടയിൽ തന്നെയായിരിക്കും. അവരെ ആദ്യമെ പുറത്താക്കിയാൽ ഇന്ത്യയുടെ പകുതി വിക്കറ്റുകൾ നഷ്ടമായതിന് തുല്യമാണെന്നും ഞങ്ങൾ പറയാറുണ്ട്. ഞങ്ങൾ മാത്രമല്ല ലോകത്തിലെ ഏത് ക്രിക്കറ്റ് രാജ്യവും അവരുടെ തന്ത്രങ്ങൾ മെനയുന്നത് ഈ രണ്ടു വലിയ കളിക്കാർക്കെതിരെ തന്നെയാണ്.” – അഫ്ഗാൻ പറയുന്നു.
ഇതിനുള്ള കാരണം പറയാനും അഫ്ഗാൻ മടികാട്ടുന്നില്ല. ഇരുവർക്കും സ്വന്തമായി മത്സരം വിജയിപ്പിക്കാൻ സാധിക്കുന്നവരാണ്. ഞങ്ങൾ ആദ്യമേ ഇവരെ ആക്രമിക്കാൻ ശ്രമിക്കും. കാരണം അതിനുശേഷം ഇരുവരെയും പുറത്താക്കാൻ നല്ല പ്രയാസമാണ്. പ്രത്യേകിച്ച് വിരാട് കോഹ്ലിയെ
അയാൾ ഒരു പ്രത്യേക കളിക്കാനാണ്. ക്രീസിൽ സെറ്റ് ആയാൽ അനായാസം മത്സരം കൈപ്പിടിയിൽ ഒതുക്കും.
ഞങ്ങൾ വിശ്വസിക്കുന്നത് ഇരുവരെയും ആദ്യമേ പുറത്താക്കിയാൽ, ഏകദിനത്തിലാണെങ്കിൽ 120 റൺസെങ്കിലും ഇന്ത്യൻ സ്കോറിൽ കുറവുവരുത്താൻ സാധിക്കുമെന്നാണ്. ട്വന്റി20യിൽ ആണെങ്കിൽ 60-70 റൺസ് കുറവ് വരും”- അഫ്ഗാൻ കൂട്ടിച്ചേർക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസ് നടത്തിയ അഭിമുഖത്തിലാണ് അസ്ഗർ അഫ്ഗാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിലവിൽ ലെജൻസ് ലീഗിന്റെ ഭാഗമായി അഫ്ഗാൻ ഇന്ത്യയിലുണ്ട്. എന്തായാലും ഇന്ത്യൻ ബാറ്റർമാരെപറ്റിയുള്ള മതിപ്പാണ് അഫ്ഗാന്റെ ഈ വാക്കുകളിൽ നിഴലിക്കുന്നത്.