കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നത് മണ്ടത്തരം ആഞ്ഞടിച്ച് ഗംഭീർ

   

ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പര ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിന് മുമ്പുള്ള പരമ്പര എന്നതിനാൽ തന്നെ ഒരുപാട് പരീക്ഷണങ്ങൾക്ക് ഇന്ത്യ ഇത്തവണ മുതിരാൻ സാധ്യതയില്ല. എന്നാൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ഓർഡർ സംബന്ധിച്ച് ഇപ്പോഴും തർക്കങ്ങൾ നിലനില്ക്കുകയാണ്. വിരാട് കോഹ്‌ലിയെ ഓപ്പണിംഗ് ബാറ്ററായി ഇറക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. എന്നാൽ ഇതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മുൻപിലേക്ക് വന്നിരിക്കുന്നത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറാണ്.

   

ഒരു കാരണവശാലും സ്ഥിര ഓപ്പണറായി കോഹ്ലിയെ ഇന്ത്യ ഇറക്കരുത് എന്ന അഭിപ്രായമാണ് ഗൗതം ഗംഭീറിനുള്ളത്. “ഇന്ത്യക്ക് ഒരു ബാക്കപ്പ് ഓപ്പണറായി വേണമെങ്കിൽ കോഹ്ലിയെ ഉൾപ്പെടുത്താനാവും. അല്ലാതെ കോഹ്‌ലിയെ ഓപ്പണറാക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. അയാൾക്ക് കെ എൽ രാഹുലിനോപ്പമോ രോഹിത് ശർമയ്ക്കൊപ്പമോ ഓപ്പൺ ചെയ്യാൻ സാധിക്കില്ല. ഇതേക്കുറിച്ചുള്ള സംസാരം പോലും അനാവശ്യമാണെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്”- ഗംഭീർ പറയുന്നു.

   

“മൂന്നാം നമ്പറിലും നമ്മൾ കുറച്ചു പ്രാക്ടിക്കൽ ആവണം. കോഹ്ലിയെ മൂന്നാം നമ്പറിലും ഫിക്സ് ചെയ്യേണ്ട കാര്യമില്ല. ഇന്ത്യയുടെ ഓപ്പണർമാർ 10 വരെ കളിക്കുകയാണെങ്കിൽ മൂന്നാമനായി നമ്മൾ സൂര്യകുമാർ യാദവിനെ ഇറക്കണം. എന്നാൽ ആരംഭത്തിൽതന്നെ വിക്കറ്റുകൾ വിഴുകയാണെങ്കിൽ കോഹ്ലി മൂന്നാം നമ്പർ ബാറ്ററായി ഇറങ്ങണം. ഇതാണ് എന്റെ അഭിപ്രായം”- ഗംഭീർ കൂട്ടിച്ചേർത്തു.

   

ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഓപ്പണറായിറങ്ങി കോഹ്‌ലി സെഞ്ച്വറി നേടിയതുമുതലായിരുന്നു, കോഹ്ലി ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണറാവണം എന്ന് ചർച്ച കൊഴുത്തത്. ഏഷ്യാകപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിലായിരുന്നു വിരാട് കോഹ്ലി ഓപ്പണിങ് ഇറങ്ങിയത്. എന്തായാലും വരാൻ പോകുന്ന ട്വന്റി20കളിൽ കോഹ്‌ലി മൂന്നാം നമ്പറിൽ തന്നെ കളിക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *