ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം സീസണ് വെടിക്കെട്ടോടെ തുടക്കം. മത്സരത്തിൽ ജാക്ക് കാലിസ് നയിച്ച ഇന്ത്യൻ ക്യാപിറ്റൽസ് ടീമിനെ തുരത്തിയോടിച്ച് സേവാഗിന്റെ ഗുജറാത്ത് ജയിൻസ് 3 വിക്കറ്റിന് വിജയം കാണുകയായിരുന്നു. മത്സരത്തിൽ ഇരുടീമുകളിലെയും കളിക്കാർ സെഞ്ചുറി നേടിയപ്പോൾ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കണ്ടത് ഒരു വെടിക്കെട്ട് തന്നെയായിരുന്നു. നമുക്ക് മത്സരത്തിലേക്ക് കടന്നുചെല്ലാം.
മത്സരത്തിൽ ടോസ് നേടിയ വീരേന്ദർ സേവാഗ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നില്ല ഇന്ത്യൻ ക്യാപിറ്റൽസ് ടീമിന് ലഭിച്ചത്. ഗംഭീറിന്റെ അഭാവത്തിൽ ഇന്നിംഗ്സ് ആരംഭിച്ച ക്യാപിറ്റൽസിന് ഓപ്പണർമാരെ ആദ്യമേ നഷ്ടമായി. ശേഷം ക്യാപ്റ്റൻ കാലിസും സോഹൈൽ ശർമയും പൂജ്യരായി മടങ്ങിയതോടെ മത്സരം ക്യാപിറ്റൽസിന്റെ കൈവിട്ടുപോയി. എന്നാൽ അതിനുശേഷമാണ് ആറാം നമ്പർ ബാറ്ററായെത്തിയ ആഷ്‌ലി നേഴ്സ് വെടിക്കെട്ട് ആരംഭിച്ചത്. ഗുജറാത്തിന്റെ വമ്പൻ ബോളിങ് നിരയെ ആഷ്ലി നേഴ്സ് മൈതാനത്തിന്റെ പല ഭാഗത്തേക്കും അടിച്ചുതൂക്കി.
കേവലം 43 പന്തുകളിൽ 103 റൺസാണ് നേഴ്സ് മത്സരത്തിൽ അടിച്ചുകൂട്ടിയത്. ഇതിൽ എട്ട് ബൗണ്ടറികളും ഒൻപത് സിക്സറുകളും ഉൾപ്പെട്ടു. നഴ്സിന്റെ ഈ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ നിശ്ചിത 20 ഓവറിൽ 179 റൺസ് ആണ് ഇന്ത്യൻ ക്യാപിറ്റൽസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ വിചാരിച്ചതുപോലെ കെവിൻ ഒബ്രയാനും അടിച്ചുതന്നെ തുടങ്ങി. എന്നാൽ ക്യാപ്റ്റൻ വീരേന്ദർ സേവാഗ് പെട്ടെന്നുതന്നെ കൂടാരം കയറി. പക്ഷേ കെവിൻ ഒബ്രയാൻ ഒരുഭാഗത്ത് കൂടാരം കെട്ടിയതോടെ വമ്പൻ സ്കോർ അനായാസം മറികിടക്കുന്ന അവസ്ഥയിലേക്ക് ഗുജറാത്തി ടീമെത്തി.
61 പന്തുകളിൽ 15 ബൗണ്ടറികളുടെയും 3 പടുകൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടെ 106 റൺസായിരുന്നു കെവിൻ ഒബ്രയാൻ മത്സരത്തിൽ നേടിയത്. ഗുജറാത്ത് ടീമിനെ കരയ്ക്കടുപ്പിച്ച ശേഷമാണ് ഒബ്രയാൻ കൂടാരം കയറിയത്. ശേഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായെങ്കിലും മൂന്നു വിക്കറ്റുകൾ ശേഷിക്കേ ഗുജറാത്ത് വിജയംകണ്ടു. ഇന്ന് ഭിൽവാര ടീമും മണിപ്പാൽ ടീമുമാണ് ലെജൻഡ്സ് ലീഗിൽ ഏറ്റുമുട്ടുക.