പ്രതിരോധപരമായി ക്രിക്കറ്റിനെ നേരിട്ടിരുന്ന ഒരുപാട് ക്രിക്കറ്റർമാർ പിന്നീട് ഇതിഹാസങ്ങളായി മാറിയിട്ടുണ്ട്. എന്നാൽ തന്റെ കരിയറിലുടനീളം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ആക്രമണം മാത്രം അഴിച്ചുവിട്ട ഒരു ന്യൂസിലാൻഡ് ഇതിഹാസമുണ്ടായിരുന്നു. ക്രീസിൽ നിന്ന് ആചാരപരമായി കളിക്കുന്ന ബാറ്റർമാരുടെ കാലത്ത്, ക്രീസിനു പുറത്തേക്കിറങ്ങി തന്റെതായ ശൈലിയിൽ അടിച്ചുതൂക്കിയിരുന്ന ഒരു ക്രിക്കറ്ററാണ് ബ്രണ്ടൻ മക്കല്ലം. തന്റെ നൂതനഷോട്ടുകൾ കൊണ്ട് ലോകശ്രദ്ധപിടിച്ചുപറ്റിയ മക്കല്ലം ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാൾ കൂടിയാണ്.
1981ൽ ന്യൂസിലാൻഡിലെ ഒട്ടാഗോയിലായിരുന്നു ബ്രണ്ടൻ മക്കല്ലം ജനിച്ചത്. ചെറുപ്പകാലം മുതൽ ക്രിക്കറ്റ് പരിശീലിച്ചിരുന്ന മക്കല്ലം വളരെ പെട്ടെന്ന്തന്നെ ക്രിക്കറ്റിന്റെ പടവുകൾ നടന്നു കയറുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻ ബാറ്റിംഗ് പ്രകടനങ്ങളും വലിയ സ്കോറിങ് റേറ്റിൽ റൺസ് നേടാനുള്ള കഴിവും മക്കല്ലത്തെ മറ്റു ബാറ്റർമാരിൽ നിന്ന് വ്യത്യസ്തനാക്കി. ആഭ്യന്തര ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റിംഗിനു ശേഷം 2002ലായിരുന്നു മക്കല്ലം ന്യൂസിലാൻഡ് ടീമിലേക്ക് കളിക്കാൻ എത്തിയത്.
2002ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് മക്കല്ലം തന്റെ ആദ്യ ഏകദിനമത്സരം കളിച്ചത്. പിന്നീട് ലോകക്രിക്കറ്റ് കണ്ടത് മക്കല്ലത്തിന്റെ പവർ തന്നെയായിരുന്നു. t20 ക്രിക്കറ്റിന്റെ കടന്നുവരവോടെ മക്കല്ലം ലോകക്രിക്കറ്റിൽ വളരെയേറെ ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. ലോകത്താകമാനമുള്ള ലീഗ്ക്രിക്കറ്റിലും മക്കല്ലം കളിക്കുകയുണ്ടായി. ഒട്ടാഗോ ടീമിന് പുറമേ കൊൽക്കത്ത, സസെക്സ്, കൊച്ചി, ചെന്നൈ, ഗുജറാത്ത്, ട്രിബാഗോ ബാംഗ്ലൂർ എന്നീ ടീമുകൾക്കയും മക്കല്ലം ആഭ്യന്തരക്രിക്കറ്റിൽ കളിച്ചു.
ന്യൂസിലാൻഡിനായി 101 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 6453 റൺസും, 260 ഏകദിനങ്ങളിൽ നിന്ന് 6083 റൺസും, 71 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 2140 റൺസും മക്കല്ലം നേടിയിട്ടുണ്ട്. 2019 ഓഗസ്റ്റിലാണ് ഈ സ്റ്റാർ ബാറ്റർ എല്ലാത്തരം ക്രിക്കറ്റിൽനിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇപ്പോൾ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ഹെഡ് കോച്ചാണ് മക്കല്ലം.