ഇന്ത്യൻ ക്രിക്കറ്റ് കടന്നുപോകുന്നത് ഒരു പ്രത്യേകതരം അവസ്ഥാവിശേഷത്തിലൂടെയാണ്. ഒരുപാട് താരങ്ങൾക്കിടയിൽനിന്നും ഒരു 15 അംഗ സ്ക്വാഡ് കെട്ടിപ്പടുക്കുക എന്ന് പറയുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. അതിനാൽ തന്നെ പല വലിയ താരങ്ങൾക്കും സ്ക്വാഡിന് പുറത്തിരിക്കേണ്ടി വരികയും ചെയ്യും. എന്നാൽ ഇന്ത്യയ്ക്കായി കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വമ്പൻ പ്രകടനങ്ങൾ നടത്തിയിട്ടും പുറത്തിരിക്കേണ്ടി വന്ന രണ്ട് താരങ്ങളാണ് സഞ്ജു സാംസണും മുഹമ്മദ് ഷാമിയും. ഇരുവരെയും ലോകകപ്പിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്താത്തതിന് വിമർശനം ഉന്നയിക്കുകയാണ് മുൻ ഇന്ത്യൻ താരം ചന്തു ബോർഡെ.
പ്രധാനമായും മുഹമ്മദ് ഷാമിയെ ടീമിൽ ഉൾപ്പെടുത്താതിരുന്നതാണ് തന്നെ അത്ഭുതപ്പെടുത്തിയത് എന്ന നിലപാടാണ് ബോർഡേയ്ക്ക് ഉള്ളത്. “സ്ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യാകപ്പിലെ കളിക്കാർ തന്നെയാണ് ഇവിടെയുമുള്ളത്. എന്നാൽ മുഹമ്മദ് ഷാമിയെ സ്ക്വാഡിൽ ഉൾപ്പെടുത്താത്തത് അത്ഭുതം തന്നെയാണ്. ലോകകപ്പ് ഓസ്ട്രേലിയയിലാണ് നടക്കുന്നത് എന്നതിനാൽ ഷാമിയുടെ പേസ് ഇന്ത്യക്ക് ഗുണം ചെയ്തേനെ.
ഷാമിയെ തിരഞ്ഞെടുത്തിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് കൂടുതൽ സന്തുലിതാവസ്ഥ കൈവന്നേനെ എന്നാണ് എനിക്ക് തോന്നുന്നത്.”- ബോർഡെ പറയുന്നു. “ഷാമിയെ മാത്രമല്ല, സഞ്ജു സാംസണെ ഇന്ത്യ ഒഴിവാക്കിയതും ദൗർഭാഗ്യം തന്നെയാണ്. സഞ്ജു ഒരു മികച്ച ബാറ്റർ തന്നെയായിരുന്നു. അദ്ദേഹം ടീമിൽ ഉണ്ടായിരുന്നെങ്കിൽ അത് ടീമിന് അങ്ങേയറ്റം ഗുണം ചെയ്തേനെ.”- ബോർഡെ കൂട്ടിച്ചേർക്കുന്നു.
നിലവിൽ റിഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ് ഇന്ത്യയുടെ ലോകകപ്പ് നിരയിലുള്ള വിക്കറ്റ് കീപ്പർമാർ. ഇരുവരും മികച്ച ഫോമിലായിരുന്നില്ല കഴിഞ്ഞ മത്സരങ്ങളിൽ കളിച്ചത്. അതിനാൽതന്നെ പന്തിനുപകരം സഞ്ജുവിനെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തും എന്നായിരുന്നു പലരും പ്രതീക്ഷിച്ചത്. പക്ഷേ സ്ക്വാഡ് പ്രഖ്യാപനത്തിൽ അങ്ങനെയൊന്നുണ്ടായില്ല. ഇതിനെതിരെ വലിയ പ്രതിഷേധവും പൊട്ടിപ്പുറപ്പെടുകയുണ്ടായി.