സേവാഗും ശ്രീശാന്തും ഇന്നിറങ്ങും നേരിടാൻ പോകുന്ന ടീമിനെ നോക്ക്
മുൻ ക്രിക്കറ്റർമാർ അണിനിരക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് സെപ്റ്റംബർ 17ന് ആരംഭിക്കുകയാണ്. അതിനുമുമ്പായി സെപ്റ്റംബർ 16ന് ഈഡൻ ഗാർഡൻസിൽ വയ്ച്ച് ഒരു പ്രത്യേക മത്സരം നടക്കുന്നതാണ്. ഈ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസ് ടീമും വേൾഡ് ജയന്റ്സ് ടീമുമാണ് ഏറ്റുമുട്ടുക. ഇരുടീമുകളിലുമായി വമ്പൻ താരങ്ങളുടെ ഒരു വലിയ നിര തന്നെയാണ് അണിനിരക്കുന്നത്. നമുക്ക് ടീമുകൾ പരിശോധിക്കാം.
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ വീരേന്ദർ സേവാഗാണ് ഇന്ത്യൻ മഹാരാജാസ് ടീമിന്റെ നായകൻ. ഒപ്പം മുഹമ്മദ് കൈഫും ഹർഭജൻ സിംഗും ടീമിന്റെ പ്രധാനഘടകമാകും. കൂടാതെ പാർഥിവ് പട്ടേൽ, യൂസഫ് പത്താൻ, ശ്രീശാന്ത്, ഇർഫാൻ പത്താൻ എന്നിവരും ഇന്ത്യൻ ടീമിന്റെ നിറസാന്നിധ്യമാണ്. മറുവശത്ത് ദക്ഷിണാഫ്രിക്കൻ മുൻ ഓൾറൗണ്ടർ ജാക് കാലിസാണ് വേൾഡ് ജയന്റ്സ് ടീമിനെ നയിക്കുക. കാലിസിനെ കൂടാതെ ഷെയിൻ വാട്സൺ, ഓയിൻ മോർഗൻ, ഡെയിൽ സ്റ്റെയിൻ, മുത്തയ്യ മുരളീധരൻ, ബ്രറ്റ് ലീ തുടങ്ങിയവരും ടീമിൽ അണിനിരക്കും.
ഇരുടീമുകളിലും വമ്പൻ താരങ്ങൾ അണിനിരക്കുന്നതിനാൽ തന്നെ മത്സരം ആവേശമേറും എന്നതുറപ്പാണ്. ഓപ്പണർ വീരേന്ദർ സേവാഗിലും യൂസഫ് പത്താനിലുമാണ് ഇന്ത്യൻ മഹാരാജാസ് ടീം പ്രതീക്ഷ വെക്കുന്നത്. മറുവശത്ത് വേർഡ് ജയന്റ്സിൽ മാച്ച് വിന്നർമാരുടെ ഒരു ഘോഷയാത്ര തന്നെയാണ്. കണക്കുകളിൽ വമ്പന്മാർ വേൾഡ് ജയന്റ്സ് ആണെങ്കിൽതന്നെ മത്സരം നടക്കുന്നത് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് എന്ന മുൻതൂക്കം ഇന്ത്യൻ മഹാരാജാസിനുണ്ട്.
ഇന്നു വൈകിട്ട് 7 30നാണ് മത്സരം നടക്കുക. പ്രത്യേക മത്സരത്തിനുശേഷം നാളെമുതൽ ഈ വർഷത്തെ ലെജൻസ് ലീഗ് ക്രിക്കറ്റ് ആരംഭിക്കും. നാല് ടീമുകളാണ് ഇത്തവണ ലെജൻസ് ലീഗ് ക്രിക്കറ്റിൽ അണിനിരക്കുന്നത്. ഗുജറാത്ത്, ഡൽഹി, മണിപ്പാൽ, ഭിൽവാര എന്നിവയാണ് ലെജൻസ് ലീഗ് ക്രിക്കറ്റിലെ രണ്ടാം സീസനിലെ ടീമുകൾ.