വിരാട് കോഹ്ലിയുടെ ക്രിക്കറ്റ് കരിയർ സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകളാണ് നടന്നുവരുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി തന്റെ പ്രതാപകാല ഫോമിലായിരുന്നില്ല കോഹ്ലി. എന്നാൽ ഏഷ്യാകപ്പിലൂടെ ഒരു വമ്പൻ തിരിച്ചുവരവായിരുന്നു വിരാട് നടത്തിയത്. ഏഷ്യാകപ്പിൽ ഇന്ത്യൻ ബാറ്റിങ് നെടുംതൂണായിരുന്നു കോഹ്ലി. ഈ വർഷത്തെ ഏഷ്യാകപ്പിൽ റൺവേട്ടക്കാരിൽ രണ്ടാമനാണ് വിരാട്. എന്നാൽ ഇപ്പോൾ വിരാട് ട്വന്റി20 ലോകകപ്പിനു ശേഷം വിരമിക്കണമെന്ന അഭിപ്രായവുമായി വന്നിരിക്കുന്നത് മുൻ പാക് താരം ഷുഹൈബ് അക്തർ ആണ്.
“ട്വന്റി20 ലോകകപ്പിനു ശേഷം വിരാട് കോഹ്ലി ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കേണ്ടതാണ്. കാരണം അങ്ങനെ ട്വന്റി20യിൽ നിന്ന് വിരമിക്കുകയാണെങ്കിൽ വിരാട്ടിന് മറ്റു ഫോർമാറ്റുകളിൽ കുറച്ചധികംകാലം കളിക്കാൻ സാധിച്ചേക്കും. അയാളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഞാൻ അങ്ങനെ ചെയ്യുമായിരുന്നു.”- ഷുഹൈബ് അക്തർ പറയുന്നു. നേരത്തെ തന്നെ വിരാട് കോഹ്ലിയുടെ വിരമിക്കൽ സംബന്ധിച്ച് ഒരുപാട് മുൻ ക്രിക്കറ്റർമാർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി.
മുൻ പാക് ക്രിക്കറ്റർ ഷാഹിദ് അഫ്രീദിയാണ് കോഹ്ലിയുടെ വിരമിക്കൽ സംബന്ധിച്ച് ആദ്യ നിർദേശം മുൻപിലേക്ക് വെച്ചത്. എന്നാൽ ഇതിനുള്ള ചുട്ടമറുപടി ഇന്ത്യൻ മുൻ സ്പിന്നർ അമിത് മിശ്ര നൽകിയിരുന്നു. കഴിഞ്ഞ കുറച്ചധികം നാളുകളിലെ മോശം പ്രകടനങ്ങൾക്ക് ശേഷമായിരുന്നു വിരാട് ഒരു വമ്പൻ തിരിച്ചുവരവ് നടത്തിയത്. ലോകകപ്പിനു മുൻപ് വലിയ പ്രകടനങ്ങളാണ് വിരാട് കാഴ്ചവയ്ക്കുന്നത്. ഏഷ്യാകപ്പിൽ ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ4 മത്സരത്തിൽ 122 റൺസായിരുന്നു വിരാട് കോലി നേടിയത്.
അതിനാൽതന്നെ കോഹ്‌ലിയുടെ വിരമിക്കൽ സംബന്ധിച്ചുള്ള വാർത്തകൾക്ക് ആരാധകൻ വലിയ വില നൽകുന്നില്ല. ഇനിയും ഒരുപാട് വർഷങ്ങൾ വിരാടിന് ഇന്ത്യക്കായി കളിക്കാൻ സാധിക്കുമെന്നാണ് ആരാധകരുടെ പക്ഷം. മാത്രമല്ല ലോകകപ്പിനുള്ള സ്ക്വാഡിൽ ഇന്ത്യൻ ടീമിന്റെ നെടുംതൂണ് കൂടെയാണ് വിരാട് കോഹ്ലി. ലോകകപ്പിലും കോഹ്ലി നിലവിലെ ഫോം തുടരുകയും ഇന്ത്യയെ ജേതാക്കളാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.