ഇന്ത്യൻ ടീമിന്റെ വലിയ ടൂർണമെന്റ്ലെ പ്രകടനങ്ങൾക്ക് എന്നും നട്ടെല്ലായി നിന്നിട്ടുള്ളത് മികച്ച സ്പിന്നർമാർ ആയിരുന്നു. സ്പിൻ വിഭാഗത്തിൽ വൈവിധ്യങ്ങളുള്ള ടീം തന്നെയാണ് എന്നും ഇന്ത്യ. എന്നാൽ ലോകകപ്പിലേക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചതു മുതൽ ഇന്ത്യൻ വിഭാഗത്തെക്കുറിച്ചും പല മുൻ ക്രിക്കറ്റർമാരും തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഇന്ത്യയുടെ 15 അംഗങ്ങളുള്ള ലോകകപ്പ് സ്ക്വാഡിൽ ചാഹലും രവിചന്ദ്രൻ അശ്വിനും അക്ഷർ പട്ടേലുമാണ് സ്പിന്നർമാരായി ഉള്ളത്. എന്നാൽ ഇതിൽ ചാഹൽ മാത്രമാണ് ട്വന്റി20യിലെ വിക്കറ്റ് ടേക്കിങ് ബോളർ എന്ന അഭിപ്രായമാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയ്ക്ക് ഉള്ളത്.
“സ്ക്വാഡിൽ നമ്മൾ മൂന്നു സ്പിന്നർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ഓഫ് സ്പിന്നർ, ഒരു ലെഗ് സ്പിന്നർ, പിന്നെ ഒരു ഇടംകയ്യൻ സ്പിന്നർ. മൂന്ന് വ്യത്യസ്ത സ്പിന്നർമാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിൽ ട്വന്റി20 ക്രിക്കറ്റിലെ വിക്കറ്റ് ടേക്കിങ് ബോളറായി ഉള്ളത് ചഹൽ മാത്രമാണ്.”- ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.
ഇതോടൊപ്പം അശ്വിനും അക്ഷർ പട്ടേലും കഴിഞ്ഞ സമയങ്ങളിൽ പ്രതിരോധാത്മകമായാണ് ബോൾ ചെയ്തിരുന്നതെന്നും ചോപ്ര പറയുന്നു. ” ചാഹൽ ഒഴികെയുള്ളവർ പ്രതിരോധ സ്പിന്നർമാർ ആണ്. ബാറ്റ്സ്മാൻമാരെ കൂടുതൽ പ്രകോപിപ്പിക്കാൻ അവർക്ക് കഴിയുന്നില്ല. കഴിഞ്ഞ 12 മാസത്തെ കണക്കുകൾ പരിശോധിച്ചാൽ ഇത് നമുക്ക് ബോധ്യമാകും. ഇത്തരം രീതി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഗുണംചെയ്യില്ല. “- ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
ഇതിനൊപ്പം രവി ബിഷണോയെയും കുൽദീപ് യാദവിനെയും സ്ക്വാഡിൽ ഉൾപ്പെടുത്തതിരുന്നതിനെയും ആകാശ് ചോപ്ര ചോദ്യം ചെയ്യുകയുണ്ടായി. രവി ബിഷണോയി ഇന്ത്യയെ സംബന്ധിച്ച് മികച്ച ഓപ്ഷനായിരുന്നുവെന്നും, കുൽദീപ് യാദവും ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരനായിരുന്നുവെന്നും ചോപ്ര പറയുന്നു. ഇതുവരെയും പരിഗണിക്കാതിരുന്നത് ടീമിന് ദോഷം ചെയ്യുമെന്ന അഭിപ്രായവും ആകാശ് ചോപ്രയ്ക്കുണ്ട്.