തന്റെ രാജ്യത്തിനുവേണ്ടി അങ്ങേയറ്റം ആത്മാർത്ഥതയോടെ കളിച്ചിട്ടും ലോകകപ്പ് സ്ക്വാഡിൽ ഇടം കണ്ടെത്താനാവാതെ പോയ ക്രിക്കറ്ററാണ് സഞ്ജു സാംസൺ. ഇത്ര മികച്ച പ്രകടനങ്ങൾ കാഴ്ചവെചിട്ടും സഞ്ജുവിനെ തീരെ വിശ്വാസമില്ല എന്ന രീതിയിലുള്ള നിലപാടാണ് ബിസിസിഐ എടുത്തുപോയത്. ഇന്ത്യ ലോകകപ്പിലേക്ക് വിക്കറ്റ് കീപ്പർമാരായി റിഷഭ് പന്തിനെയും ദിനേശ് കാർത്തിക്കിനെയും തിരഞ്ഞെടുക്കുമ്പോൾ സഞ്ജു സാംസണെ അനായാസം വിട്ടുകളയൂകയായിരുന്നു. മോശം ഫോമിലുള്ള റിഷഭ് പന്തിനേക്കാളും ഒരുപാട് ഭേദമായിരുന്നു സഞ്ജു സാംസൺ എന്ന നിലപാടാണ് എല്ലാവർക്കുമുള്ളത്. എന്നാൽ സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്ന കാര്യം ഒരു ചർച്ചയ്ക്കുപോലും ബിസിസിഐ വെച്ചിരുന്നില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
പിടിഐ ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ടീമിലെ പന്തിന്റെ സ്ഥാനം സംബന്ധിച്ച് ബിസിസിഐക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല എന്ന് റിപ്പോർട്ട് പറയുന്നു. അതിനാൽതന്നെ സഞ്ജുവിന്റെ പേര് പോലും ചർച്ചയിൽ ഉണ്ടായില്ല. ഈ റിപ്പോർട്ടിന് പുറമേ ബിസിസിഐ രാഷ്ട്രീയം കളിക്കുകയാണോ എന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ അലയടിക്കുന്നത്.
“സഞ്ജു എന്തായാലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര കളിച്ചേക്കും. കാരണം സിംബാബ്വെ പര്യടനത്തിനുശേഷം ഇന്ത്യക്ക് ഒരു തുടർച്ച അത്യാവശ്യമാണ്. പിന്നെ പന്തിനെ പുറത്താക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടേ ഇല്ല. ഇന്ത്യയെ സംബന്ധിച്ച് മുൻ നിരയിലുള്ള ഏക ഇടങ്കയ്യൻ ബാറ്ററാണ് പന്ത്. മാത്രമല്ല അയാളുടെ ദിവസങ്ങളിൽ അയാൾ അനായാസം മത്സരങ്ങൾ വിജയിപ്പിക്കും.” ഒരു ബിസിസിഐ ഒഫീഷ്യൽ പറയുന്നു.
ഈ വർഷം കളിച്ച ആറു ട്വന്റി20 മത്സരങ്ങളിൽ നിന്നും 44 റൺസ് ശരാശരിയിൽ 179 റൺസാണ് സഞ്ജു സാംസൺ നേടിയത്. 158.40 ആയിരുന്നു സാംസന്റെ ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ്. അതിനാൽതന്നെ പലരും ലോകകപ്പ് സ്ക്വാഡിലേക്ക് ഉറപ്പു പറഞ്ഞിരുന്ന ക്രിക്കറ്റർ കൂടിയായിരുന്നു സഞ്ജു സാംസൺ ഇത്തരമൊരു ഒഴിവാക്കൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.