ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിൽ ഒരുപാട് വിമർശനങ്ങളാണ് പല ദിശയിൽ നിന്നും ഉയരുന്നത്. ഓസ്ട്രേലിയയിൽ ഇന്ത്യയ്ക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്ന് പലരും വിലയിരുത്തിയ ഒരുപാട് ക്രിക്കറ്റർമാർ സ്ക്വാഡിലില്ല. ഏഷ്യാകപ്പിനുശേഷം വലിയ മാറ്റങ്ങളില്ലാത്ത ഒരു സ്ക്വാഡ് തന്നെയാണ് ട്വന്റി20 ലോകകപ്പിലും കാണാനാവുന്നത്. ജസ്പ്രിറ്റ് ബുമ്രയുടെയും ഹർഷാൽ പട്ടേലിന്റെയും തിരിച്ചുവരവാണ് ഇന്ത്യയ്ക്ക് ആശ്വാസമായി ഉള്ളത്. കൂടാതെ ട്വന്റി20യിലേക്ക് മുഹമ്മദ് ഷാമിയുടെ തിരിച്ചുവരവും ലോകകപ്പിൽ കാണാനാവും. എന്നിരുന്നാലും റിസർവ് കളിക്കാരനായിയാണ് ഷാമിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യൻ സ്ക്വാഡിലെ ചില മാറ്റങ്ങൾ പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവ നോക്കാം
1. ഭുവനേശ്വർ കുമാറിനു പകരം മുഹമ്മദ് ഷാമിയെ ഉൾപെടുത്തിയില്ല
മുഹമ്മദ് ഷാമി ഇന്ത്യക്കായി ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ക്രിക്കറ്റർ ആണ്. കൂടാതെ ഐപിഎല്ലിൽ ഗുജറാത്ത് ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഓസ്ട്രേലിയൻ കണ്ടീഷനിൽ ഇന്ത്യയ്ക്ക് ഷാമി മുതൽക്കൂട്ടാകുമായിരുന്നു. മറുവശത്ത് ഡെത്ത് ഓവറുകളിൽ സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് ഭുവനേശ്വർ കുമാർ. അതിനാൽതന്നെ മുഹമ്മദ് ഷാമിയെ ഭുവനേശ്വർ കുമാറിന് പകരം മെയിൻ സ്ക്വാഡിൽ ഉൾപ്പെടുത്തുമെന്നാണ് പലരും പ്രതീക്ഷിച്ചത്.
2. രവിചന്ദ്രൻ അശ്വിന് പകരം രവി ബിഷ്ണോയി
ബിഷണോയി ലോകകപ്പ് സ്ക്വാഡിൽ ഇല്ലാത്തത് അത്ഭുതം തന്നെയാണ്. ഏഷ്യാകപ്പിലടക്കം തനിക്ക് ലഭിച്ച അവസരങ്ങൾ ഏറ്റവും നന്നായി വിനിയോഗിച്ച ബിഷണായി ഇന്ത്യയുടെ നെടുംതൂണായേനെ. അശ്വിൻ മികച്ച ബോളറാണെങ്കിൽ തന്നെ റൺസ് വിട്ടുകൊടുക്കാതെയിരിക്കാനുള്ള പ്രതിരോധാത്മകമായ ബോളിങ്ങാണ് ഇപ്പോൾ കാഴ്ചവയ്ക്കുന്നത്.
3. ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ
സഞ്ജുവും ശ്രേയസും മികച്ച കളിക്കാർ തന്നെയാണ്. പക്ഷേ ശ്രേയസ് അയ്യർ ഷോർട്ട് ബോളുകളിൽ ബുദ്ധിമുട്ടുന്ന കാഴ്ച വിൻഡീസിനെതിരായ പരമ്പരയിൽ കണ്ടതാണ്. ഓസ്ട്രേലിയൻ പിച്ചുകളിൽ ബോളർമാർക്ക് ബൗൺസ് ലഭിക്കുന്നതിനാൽ മികച്ച ശ്രെയസ് അയ്യർക്കുപകരം സഞ്ജുവായിരുന്നു മികച്ച ഓപ്ഷൻ.