ഇന്ത്യയുടെ അടുത്ത ട്വന്റി 20 ലോകകപ്പിലേക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. പുതിയ താരങ്ങളില്ലാത്ത സ്ക്വാഡിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം മലയാളി താരം സഞ്ജു സാംസന്റെ അഭാവം തന്നെയാണ്. കഴിഞ്ഞ മത്സരങ്ങളിലോക്കെയും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജുവിനെ ഇന്ത്യ ഏഷ്യാകപ്പിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതേ അവസ്ഥവിശേഷം തന്നെയാണ് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിലും കാണാനാവുന്നത്. സഞ്ജുവിനെ ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് മുൻ പാക് താരം ഡാനിഷ് കനേറിയ രംഗത്തുവന്നിട്ടുണ്ട്.
സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്താത്തത് തികച്ചും അനീതിപരമായ നിലപാടുതന്നെയാണ് എന്നാണ് കനേറിയ പറഞ്ഞുവയ്ക്കുന്നത്. റിഷബ് പന്തിനുപകരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നു എന്ന പക്ഷക്കാരനാണ് ഡാനിഷ് കനേറിയ. “സഞ്ജു സാംസണെപോലെ ഒരു കളിക്കാരനോട് കാണിക്കുന്ന അനീതിയാണിത്. ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ സഞ്ജുവിനെ പരിഗണിക്കേണ്ടിയിരുന്നു. അയാൾ എന്ത് തെറ്റ് ചെയ്തിട്ടാണ് ടീമിലിടം ലഭിക്കാത്തത്?
ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളിൽ നിന്നും സഞ്ജുവിനെ അവഗണിച്ചിട്ടുണ്ട്. ഞാനായിരുന്നെങ്കിൽ റിഷബ് പന്തിനുപകരം സഞ്ജു സാംസണെ സ്ക്വാഡിൽ പരിഗണിച്ചേനെ.” – ഡാനിഷ് കനേറിയ പറയുന്നു. ഇതുകൂടാതെ ഇന്ത്യൻ സ്ക്വാഡിൽ തന്റെ പൂർണ്ണമായ അസംതൃപ്തിയും ഡാനിഷ് കനേറിയ രേഖപ്പെടുത്തുകയുണ്ടായി. ” വിരാട് കോഹ്ലി തന്റെ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശർമയും രാഹുലും റൺസ് നേടേണ്ടതുണ്ട്.
അല്ലാത്തപക്ഷം ഏഷ്യാകപ്പിലെ അതേ അവസ്ഥ തന്നെയാണ് ഇന്ത്യയ്ക്ക് വരാൻ പോകുന്നത്. ” – കനേറിയ കൂട്ടിച്ചേർക്കുന്നു. ഇതാദ്യമായല്ല സഞ്ജു സാംസന് ഇന്ത്യൻ ടീമിൽ നിന്നും ഇത്തരം അവഗണനകൾ ലഭിക്കുന്നത്. പലപ്പോഴും ഇന്ത്യ സഞ്ജുവിന് വേണ്ടവിധത്തിൽ അവസരങ്ങൾ നൽകാരില്ല. കിട്ടിയ അവസരങ്ങൾ നന്നായി വിനിയോജിച്ചാലും സഞ്ജുവിനെ ടീമിൽ പിന്നീട് ഉൾപ്പെടുത്താറുമില്ല.