ഇന്ത്യയുടെ ഏഷ്യാകപ്പിലെ ബോളിംഗ് പിഴവുകൾ എടുത്തുകാട്ടി ഒരുപാട് ക്രിക്കറ്റർമാർ വരികയുണ്ടായി. ബോളിങ്ങിലെ പരിചയസമ്പന്നത കുറവ് ഏഷ്യാകപ്പിൽ വലിയ രീതിയിൽ ഇന്ത്യയെ ബാധിച്ചിരുന്നു. പ്രത്യേകിച്ച് പേസ് വിഭാഗത്തിലാണ് ഇന്ത്യ കൂടുതലായും പ്രശ്നങ്ങൾ നേരിട്ടത്. ഇന്ത്യയ്ക്കായി അർഷദീപ് സിഗും ആവേഷ് ഖാനും ഭുവനേശ്വർ കുമാറുമാണ് ഫാസ്റ്റ് ബോളിംഗിന് നേതൃത്വം വഹിച്ചത്. എന്നാൽ ഡെത്ത് ഓവറുകളിലടക്കം സീം ബോളർമാർ പരാജയപ്പെട്ടത് ഏഷ്യാകപ്പിലെ പ്രധാന കാഴ്ച തന്നെയായിരുന്നു. ഇന്ത്യയുടെ ഏഷ്യകപ്പിലെ പരാജയത്തിന് കാരണം ബുമ്രയുടെയും ഷാമിയുടെയും അഭാവമാണെന്നാണ് കോഹ്‌ലിയുടെ ചെറുപ്പകാല കോച്ചായ രാജ്കുമാർ ശർമ ഇപ്പോൾ പറയുന്നത്.
അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് മുമ്പ് ഇന്ത്യ പരിചയസമ്പന്നമായ ഒരു സീം ബോളിംഗ് നിരയെ കണ്ടെത്തണമെന്നാണ് രാജകുമാർ ശർമയുടെ അഭിപ്രായം. “ഏഷ്യാകപ്പിൽ നമ്മൾ പൂർണ്ണമായും വിശ്വാസമർപ്പിച്ചത് യുവബോളർമാരിൽ തന്നെയായിരുന്നു. അതിൽ അർഷദീപ് സിംഗ് നന്നായി തന്നെ ബോൾ ചെയ്തു. എന്നാൽ ഭുവനേശ്വർ കുമാർ സ്ഥിരത കണ്ടെത്തിയില്ല. അത് അയാളുടെ ഡെത്ത് ബോളിംഗ് ഫിഗർ പരിശോധിച്ചാൽ മനസ്സിലാവും.”- ശർമ പറഞ്ഞു.
“ട്വന്റി 20 ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിൽ നമുക്ക് ഈ ബോളിംഗ് മതിയാവില്ല. തീർച്ചയായും പരിചയസമ്പന്നമായ ഒരു ബോളിംഗ് നിര വേണം. കൂടാതെ ബോളർമാർ വിക്കറ്റ് വേട്ടക്കാരൻ ആയിരിക്കണം. ഏഷ്യാകപ്പിൽ ഇന്ത്യയെ ഷാമിയുടെയും ബുമ്രയുടെയും അഭാവം വലിയ രീതിയിൽ തന്നെ ബാധിച്ചിരുന്നു.”- ശർമ കൂട്ടിച്ചേർക്കുന്നു.
ഇക്കാര്യങ്ങളുടെ കൂടെ അടുത്ത മത്സരങ്ങളിൽ ഷാമിയെ കളിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രാജ്‌കുമാർ വാചാലനാവുകയുണ്ടായി.”ഞാൻ വിചാരിക്കുന്നത് വരുന്ന രണ്ടു പരമ്പരകളും കളിക്കാൻ ഷാമിക്ക് അവസരം ലഭിക്കുമെന്നാണ്. അവസരം ലഭിച്ചാൽ അയാൾ നന്നായി ബോൾ ചെയ്യും. അങ്ങനെയെങ്കിൽ ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിലെ പ്രധാന സാന്നിധ്യം കൂടിയായിരിക്കും മുഹമ്മദ് ഷാമി.”- രാജകുമാർ പറഞ്ഞുവയ്ക്കുന്നു.