ബിന്നിച്ചായന്റെ ബാറ്റിന്റെ ചൂടറിഞ്ഞു ദക്ഷിണാഫ്രിക്ക സച്ചിന്റേം പിള്ളാർടേം ഫുൾ സ്വാഗ്

   

ദക്ഷിണാഫ്രിക്കൻ ലേജൻഡ്‌സിനുമേൽ താണ്ഡവമാടുന്ന ഇന്ത്യൻ ലെജൻഡസിനെയാണ് റോഡ് സേഫ്റ്റി വേൾഡ് സീരീസിലെ ആദ്യ മത്സരത്തിൽ കാണാനായത്. മത്സരത്തിന്റെ എല്ലാ മേഖലകളിലും മികവുകാട്ടി ഇന്ത്യൻ ലെജൻഡ്സ് 61 റൺസിനാണ് വിജയം കുറിച്ചത്. ഇന്ത്യക്കായി 42 പന്തുകളിൽ 82 റൺസെടുത്ത സ്റ്റുവർട്ട് ബിന്നി ആയിരുന്നു മിന്നിത്തിളങ്ങിയത്. മത്സരത്തിൽ അഞ്ച് ബൗണ്ടറികളും ആറു സിക്സറുകളും നേടി ബിന്നി ഇന്ത്യൻ ടീമിന്റെ നട്ടെല്ലായി.

   

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ലെജൻഡ്സ് ടീം ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. താരതമ്യേന മികച്ച തുടക്കം തന്നെയാണ് സച്ചിനും ഓജയും ചേർന്ന് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇരുവരും കൂടാരം കയറിയശേഷമെത്തിയ റെയ്‌നയും(33) അടിച്ചു തകർത്തതോടെ ഇന്ത്യൻ സ്കോർ കുതിക്കാൻ തുടങ്ങി. ഒരുവശത്ത് വളരെ സംയമനത്തോടെയായിരുന്നു സ്റ്റുവർട്ട് ബിന്നി ബാറ്റിങ് ആരംഭിച്ചത്.

   

എന്നാൽ 10 ഓവറുകൾക്ക് ശേഷം ബിന്നിയുടെ ബാറ്റ് തീതുപ്പാൻ തുടങ്ങി. അവസാന ഓവറുകളിൽ ബിന്നിയോടൊപ്പം യൂസഫ് പത്താനും(35) താണ്ഡവമാടിയതോടെ ഇന്ത്യൻ സ്കോർ അനായാസം 200 കടന്നു. നിശ്ചിത 20 ഓവറുകളിൽ 217 റൺസാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പതിയെ തുടങ്ങിയെങ്കിലും റൺസ് ഉയർത്താൻ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. സ്കോറിംഗ് റേറ്റ് ഉയർത്താൻ ശ്രമിച്ചപ്പോഴൊക്കെ ദക്ഷിണാഫ്രിക്കക്ക് തങ്ങളുടെ വിക്കറ്റുകൾ നഷ്ടമായി.

   

ക്യാപ്റ്റൻ ജോണ്ടി റോഡ്സ്(38) മാത്രമാണ് അൽപമെങ്കിലും ക്രീസിലുറച്ചത്. ഇന്ത്യൻ സ്പിന്നർ രാഹുൽ ശർമ മൂന്ന് വിക്കറ്റുകളും മുനാഫ് പട്ടേലും പ്രഗ്യാൻ ഓജയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. 61 റൺസിനാണ് ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്. ടൂർണ്ണമെന്റിൽ ഇന്ന് 3.30ന് ബംഗ്ലാദേശ് വിൻഡീസിനെയും 7.30ന് ഓസ്ട്രേലിയ ശ്രീലങ്കയെയും നേരിടും. ബുധനാഴ്ച വിൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *