കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ ഒരുപാട് വിമർശിക്കപ്പെട്ട ക്രിക്കറ്ററാണ് കെ രാഹുൽ. പരിക്കിന്റെ പിടിയിൽ നിന്ന് തിരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയപ്പോഴും രാഹുലിന് തന്റെ ഫോം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ആദ്യ ഏഷ്യാകപ്പ് മത്സരത്തിൽ പൂജ്യനായി പുറത്തായതോടെ കെ എൽ രാഹുൽ വീണ്ടും വിമർശനങ്ങൾ കേട്ടു. പക്ഷെ ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഒരുഗ്രൻ തിരിച്ചുവരവായിരുന്നു കെ എൽ രാഹുൽ നടത്തിയത്. മത്സരത്തിൽ 41 പന്തുകൾ നേരിട്ട രാഹുൽ 61 റൺസ് നേടുകയുണ്ടായി. കെഎൽ രാഹുൽ തിരിച്ച് ഫോമിലേക്ക് എത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയാണ് വിരാട് കോഹ്‌ലി ഇപ്പോൾ.
കെ എൽ രാഹുൽ തിരിച്ചു ഫോമിലേക്കെത്തുന്നത് മത്സരത്തിന്റെ ഗതി തന്നെ മാറ്റി നിർണയിക്കുമെന്നാണ് വിരാട് കോഹ്ലിയുടെ പക്ഷം. “അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ രാഹുലിന്റെ സംഭാവന വളരെ നിർണായകം തന്നെയായിരുന്നു. മാത്രമല്ല ലോകകപ്പിന് മുമ്പ് പഴയ ഫോമിലേക്ക് രാഹുൽ തിരിച്ചുവരുന്നത് രാഹുലിനും ഇന്ത്യൻ ടീമിനും വളരെ പ്രാധാന്യമുള്ള കാര്യം തന്നെയാണ്. രാഹുൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തു തുടങ്ങിയാൽ നമ്മുടെ ടീം കൂടുതൽ ശക്തമാകും.
“- കോഹ്ലി പറയുന്നു. കൂടാതെ ഇന്ത്യൻ ടീം ലോകകപ്പിനു മുൻപ് മികച്ച ആത്മവിശ്വാസത്തിൽ തന്നെയാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു. കൂടാതെ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും കോഹ്‌ലി പറയുകയുണ്ടായി. “ഞാനും രോഹിത്തും ഒരുപാട് നാളുകളായി ഒരുമിച്ച് കളിക്കുന്നു. അതിനാൽതന്നെ മികച്ച രീതിയിൽ കളിക്കുന്നത് തുടരുക എന്നതാണ് ഞങ്ങൾ ചെയ്യേണ്ടത്.
മാത്രമല്ല ഡ്രസ്സിങ് റൂമിൽ ഉണ്ടാകുന്ന പ്രാധാന്യമുള്ള നിമിഷങ്ങൾ ഞങ്ങൾക്ക് ഗുണം ചെയ്യും. അതിനാൽതന്നെ അടുത്ത രണ്ടു പരമ്പരകളിലും സമ്മർദങ്ങൾക്കിടയിൽ നല്ല തീരുമാനങ്ങളെടുത്തു മുന്നോട്ടുപോകുന്നതിൽ തന്നെയാണ് കാര്യം.”- കോഹ്ലി കൂട്ടിച്ചേർത്തു. സെപ്റ്റംബർ 20നാണ് ഇന്ത്യയുടെ അടുത്ത ട്വന്റി20മത്സരം നടക്കുക. ഓസ്ട്രേലിയക്കെതിരെയാണ് മത്സരം. മൂന്നു ട്വന്റി20കളുള്ള പരമ്പരയിലെ ആദ്യ മത്സരം പഞ്ചാബ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.