ഏഷ്യാകപ്പിൽ ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണമായത് സീം ബോളർമാരുടെ മോശം പ്രകടനമായിരുന്നു. സിം ബൗളർമാരായ അർഷദീപും ആവേഷ് ഖാനും ഇന്ത്യയുടെ പല മത്സരങ്ങളിലും പരാജയപ്പെട്ടു. ആദ്യ ഓവറുകളിൽ ബോളർമാർക്ക് കൃത്യമായി വിക്കറ്റ് നേടാൻ സാധിക്കാതെ വന്നതും ഡെത്ത് ഓവറുകളിൽ യോർക്കറുകൾ എറിയാൻ സാധിക്കാത്തതും ഇന്ത്യയെ സാരമായി ബാധിച്ചു. ഇത് ഇന്ത്യൻ സെലക്ടർമാരുടെ കയ്യിൽ നിന്ന് വന്ന വലിയ പിഴവാണെന്നാണ് മുൻ ഇന്ത്യൻ ബാറ്റർ വീരേന്ദ്ര സേവാഗ് പറയുന്നത്. പരിചയസമ്പന്നനായ ഇന്ത്യയുടെ ബോളർ മുഹമ്മദ് ഷാമിയെ ടീമിൽ ഉൾപ്പെടുത്താതിരുന്നതാണ് ഇന്ത്യയുടെ പരാജയകാരണം എന്നും സേവാഗ് പറഞ്ഞുവയ്ക്കുന്നു.
ഏഷ്യാകപ്പിലേക്കായി കേവലം മൂന്നു സീൻ ബോളർമാരെ മാത്രമായിരുന്നു ഇന്ത്യ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നത്. ബുമ്രയും ഹർഷലും പരിക്കുമൂലം മാറിനിന്ന സാഹചര്യത്തിൽ സെലക്ടർമാർ ഷാമിയെ ഉൾപ്പെടുത്തേണ്ടിയിരുന്നു എന്നാണ് സേവാഗിന്റെ പക്ഷം. “കഴിഞ്ഞ ട്വന്റി20കളിൽ ഷാമിയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് ഒരു തെറ്റായ ചിന്തയായിരുന്നു. രണ്ടുവർഷം മുമ്പ് രവിചന്ദ്രൻ അശ്വിനെയും ഇന്ത്യ ഇങ്ങനെ കൈവിട്ടിരുന്നു.
പക്ഷേ നമ്മുടെ പ്രധാനപ്പെട്ട രണ്ട് ബൗളർമാരും പരിക്കിന്റെ പിടിയിലാകുമ്പോൾ, ഏഷ്യകപ്പിനായി നമ്മൾ പരിചയസമ്പന്നനായ ഷാമിയെ ഉൾപ്പെടുത്തേണ്ടതായിരുന്നു.” സേവാഗ് പറയുന്നു. ഇതോടൊപ്പം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഒരു ട്വന്റി20 ലോകകപ്പിൽ ഷാമിയുടെ സ്ഥാനത്തെക്കുറിച്ചും സേവാഗ് പറയുകയുണ്ടായി. “ആവേഷ് ഖാനെ പുറത്തിരുത്തിയപ്പോൾ ഷാമിയായിരുന്നു ഇന്ത്യക്കായി കളിക്കേണ്ടത്. യുവതാരങ്ങൾക്ക് ഇന്ത്യ അവസരം നൽകുന്നത് നമുക്ക് മനസ്സിലാക്കാം.
പക്ഷെ ഓസ്ട്രേലിയയിൽ നമുക്ക് പരിചയസമ്പന്നനായ ബോളറേയാണ് ആവശ്യം. അവിടുത്തെ പിച്ചുകളിൽ ഷാമി ഫലപ്രദമാകും.”- സേവാഗ് കൂട്ടിച്ചേർക്കുന്നു. നിലവിലെ ഏഷ്യാകപ്പിൽ ഇന്ത്യയുടെ ബോളർമാരുടെ സെലക്ഷൻ സംബന്ധിച്ച് വലിയ രീതിയിൽ ചർച്ചകൾ ഉയർന്നിട്ടുണ്ട്. ഐപിഎല്ലിന് ശേഷം ഒരു അന്താരാഷ്ട്ര മത്സരം പോലും കലിപ്പിക്കാതെ ഷാമിയെ ഇന്ത്യ പുറത്തിരുത്തിയത് ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് വിനയായി എന്ന അഭിപ്രായമാണ് പല മുൻ ക്രിക്കറ്റർമാർക്കും.