അഫ്ഗാനിസ്ഥാനെതിരെ ഒരു തകർപ്പൻ സെഞ്വറി നേടിയതോടെ ഒരുപാട് റെക്കോർഡുകൾ കൊഹ്‌ലി തിരുത്തിക്കുറിച്ചു. മത്സരത്തിലുടനീളം തന്റെതായ ശൈലിയിൽ അടിച്ചുതകർത്ത കോഹ്‌ലി 61 പന്തുകളിൽ 122 റൺസാണ് നേടിയത്. ഇതോടെ ഇന്ത്യയ്ക്കായി ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ബാറ്ററായി കോഹ്ലി മാറിയിട്ടുണ്ട്. അഫ്ഗാനെതിരായ മത്സരത്തിൽ കോഹ്ലിയുടെ വൺമാൻഷോയായിരുന്നു കാണാൻ സാധിച്ചത്.
നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നു ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ നേടിയ കളിക്കാരൻ. 2017ൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ 43 പന്തുകളിൽ 118 റൺസ് രോഹിത് നേടിയിരുന്നു. എന്നാൽ തന്റെ 71ആം സെഞ്ച്വറിയിൽ 122 റൺസ് നേടിയ വിരാട് രോഹിതിനെ മറികടന്നിരിക്കുന്നു. മത്സരത്തിൽ 12 ബൗണ്ടറികളും 6 സുന്ദരമായ സിക്സറുകളുമായിരുന്നു വിരാട് അടിച്ചുകൂട്ടിയത്.
അഫ്ഗാനിസ്ഥാന്റെ ഫ്രണ്ട്ലൈൻ സീമർമാരായ ഫസൽ ഫറൂഖിയെയും ഫാരീദ് അഹമ്മദിനെയും മൈതാനത്തിന്റെ എല്ലാ ദിശയിലേക്കും കോഹ്ലി പായിച്ചു. ഇരുബോളർമാരും തങ്ങളുടെ നിശ്ചിത നാല് ഓവറുകളിൽ 50 റൺസിന് മുകളിൽ വഴങ്ങുകയുണ്ടായി. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നർമാരായ മുജീബിനെയും റാഷിദ് ഖാനെയും മുഹമ്മദ് നബിയെയും ഒരു ദാക്ഷിണ്യവുമില്ലാതെയായിരുന്നു കോഹ്ലി അടിച്ചുതൂകിയത്. എന്തായാലും ഏഷ്യകപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഞെട്ടിക്കുന്ന ബാറ്റിംഗ് തന്നെയാണ് ഇന്ത്യ കാഴ്ചവച്ചത്.
ഏഷ്യാകപ്പിൽ മുമ്പ് ഫോമിന്റെ കാര്യത്തിൽ വലിയ പ്രശ്നങ്ങളായിരുന്നു വിരാട് കോഹ്ലി നേരിട്ടത്. അതിനാൽ തന്നെ ടൂർണമെന്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവക്കേണ്ടത് അത്യാവശ്യമായിരുന്നു. ടൂർണ്ണമെന്റിലുടനീളം ഇന്ത്യൻ ബാറ്റിംഗിന്റെ നേടുംതൂണാവാൻ കോഹ്ലിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.