വെട്ടിമുറിച്ചിട്ടും മുറികൂടി തിരിച്ചുവന്ന വിപ്ലവം വിരാട് എന്ന മാന്ത്രികൻ

   

വിമർശനങ്ങളുടെ ഒരു പെരുമഴയായിരുന്നു വിരാട് കോഹ്ലി കഴിഞ്ഞ ഒരുവർഷം അനുഭവിച്ചത്. തുടർച്ചയായി മോശം ഫോമുകൾ തുടർന്നതും മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നതുമൊക്കെ പലരും വിമർശനത്തോടെ തന്നെ പ്രതിപാദിച്ചിരുന്നു. അതിനാൽതന്നെ ഒരു പരിശീലനമത്സരം പോലും ഇല്ലാതെ കോഹ്ലിയെ ഏഷ്യാകപ്പിൽ ഉൾപ്പെടുത്തിയതും ചർച്ചാവിഷയമായി. എന്നാൽ എല്ലാത്തിനുമുള്ള മറുപടി നൽകിയിരിക്കുകയാണ് വിരാട് കോഹ്ലി ഇപ്പോൾ. ഏഷ്യാകപ്പ് സൂപ്പർ 4ലെ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഒരു തട്ടുപൊളിപ്പൻ സെഞ്ചുറിയാണ് കോഹ്ലി നേടിയത്.

   

ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ തന്റെ ആദ്യ സെഞ്ചുറിയാണ് വിരാട് കോഹ്‌ലി അഫ്ഗാനിസ്ഥാനെതിരെ നേടിയത്. 53 പന്തുകളിലായിരുന്നു വിരാട് തന്റെ ശതകം പൂർത്തീകരിച്ചത്. 1019 ദിവസങ്ങൾക്കു ശേഷമാണ് വിരാട് അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്നത്. കോഹ്ലിയുടെ നിലവാരം വെച്ച് അത് വലിയൊരു ഇടവേള തന്നെയാണ്. ഇതോടെ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ 71 സെഞ്ച്വറികളോടെ, ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡിനൊപ്പം എത്തിയിട്ടുണ്ട്.

   

മത്സരത്തിലേക്ക് കടന്നാൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ക്യാപ്റ്റൻ രോഹിത്തിന്റെ അഭാവത്തിൽ രാഹുലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത കോഹ്‌ലി അഫ്ഗാൻ ബോളർമാരെ അടിച്ചുതൂക്കി. അഫ്ഗാന്റെ സ്പിൻകോട്ടകൾ കോഹ്ലിയും രാഹുലും ചേർന്ന് തകർക്കുന്ന കാഴ്ചയാണ് മത്സരത്തിൽ കണ്ടത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 119 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. രാഹുൽ 41 പന്തിൽ 62 റൺസായിരുന്നു നേടിയത്.

   

രാഹുൽ പുറത്തായ ശേഷവും വിരാട് കോഹ്ലി അടിച്ചുതകർത്തു. മത്സരത്തിൽ 61 പന്തുകൾ നേരിട്ട കോഹ്ലി 12 ബൗണ്ടറികളുടെയും 6 സിക്സറുകളുടെയും അകമ്പടിയോടെ 122 റൺസാണ് നേടിയത്. ഇതോടെ ഇന്ത്യ 212 എന്ന പടുകൂറ്റൻ സ്കോറിലെത്തുകയും അഫ്ഗാനിസ്ഥാനെ തൂത്തെറിയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *