ഏഷ്യാകപ്പിൽ എല്ലാവരും വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന ബാറ്റർ ആയിരുന്നു പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ ആസാം. പലരും വിരാട് കോഹ്ലിയോട് ആസമിനെ വെച്ച് താരതമ്യങ്ങൾ പോലും ആരംഭിച്ചിരുന്നു. എന്നാൽ ഏഷ്യാകപ്പിലുടനീളം മോശം ഫോം തുടരുകയാണ് ബാബർ ആസം. ബാറ്റിങ്ങിനിറങ്ങിയ 4 ഇന്നിങ്സുകളിലും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ ആസമിന് സാധിച്ചില്ല. അഫ്ഗാനിസ്ഥാനതിരായ പാകിസ്ഥാന്റെ സൂപ്പർ4ലെ മത്സരത്തിൽ ഗോൾഡൻ ഡക്കായി ആയിരുന്നു ആസം കൂടാരം കയറിയത്.
അഫ്ഗാനിസ്ഥാനെതിരെ 130 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാന് ഒരു ഞെട്ടൽ തന്നെയായിരുന്നു ആസ്സാമിന്റെ വിക്കറ്റ്. ആദ്യ ഓവറിലെ രണ്ടാം പന്തിലായിരുന്നു ആസം കൂടാരം കയറിയത്. അഫ്ഗാനിസ്ഥാൻ ബോളർ ഫസൽ ഫാറൂഖി എറിഞ്ഞ ബോൾ ഇൻസ്വിങ് ചെയ്ത് നേരെ ബാബറിന്റെ പാഡിലേക്ക് വന്നുകൊള്ളുകയായിരുന്നു. സ്റ്റമ്പിന് തൊട്ടുമുമ്പിൽ വയ്ച്ചാണ് ബോൾ കൊണ്ടത് എന്നതിനാൽ അമ്പയർ ഒരു നിമിഷം പോലും ആലോചിക്കാതെ ഔട്ട് വിളിച്ചു. DRS ന് പോലും നൽകാതെ ബാബർ മടങ്ങുകയും ചെയ്തു.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി ശ്രീലങ്കയ്ക്കെതിരെ ഡക്കായി പുറത്തായിരുന്നു. വിരാട് കോഹ്ലിയെ ബാബർ ആസം കോപ്പി ചെയ്തതാണോ എന്ന തരത്തിലുള്ള ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്. ഒരു വശത്തു വിരാട് കോഹ്ലി പതിയെ തന്റെ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആ സമയത്താണ് ശ്രീലങ്കയ്ക്കെതിരെ ഡക്കായി പുറത്തായത്.
ബാബർ ആസമിന്റെ മോശം ഫോം പാകിസ്ഥാനെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഏഷ്യാകപ്പിലെ നാല് മത്സരങ്ങളിൽ നിന്ന് വെറും 33 റൺസ് മാത്രം നേടാനേ ആസാമിന് സാധിച്ചുള്ളൂ. വെറും 8.25 മാത്രമാണ് ഏഷ്യാകപ്പിലെ ബാബറുടെ ബാറ്റിംഗ് ശരാശരി. മോശം ഫോം മൂലം ബാബർ ആസമിന്റെ ട്വന്റി20 റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായിട്ടുണ്ട്..