ഇന്ത്യയുടെ ഏഷ്യാകപ്പ് തോൽവി പല മുൻ ക്രിക്കറ്റർമാരെയും പ്രകോപിതരാക്കിയിട്ടുണ്ട്. പലരും ഇന്ത്യയുടെ ടീം സെലക്ഷൻ അടക്കമുള്ള കാര്യങ്ങളെയാണ് വിമർശിക്കുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പരിക്കുപറ്റിയ സാഹചര്യത്തിൽ പകരക്കാരനായി ദീപക് ചാഹറിനെ ഇന്ത്യ ഉൾപ്പെടുത്താതിരുന്നതും, ദിനേശ് കാർത്തിക്കിന് പകരം റിഷാഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തിയതും ഇന്ത്യൻ സെലക്ടർമാർ വിമർശനങ്ങൾ കേൾക്കാൻ കാരണമായിട്ടുണ്ട്.
എന്നാൽ ദിനേശ് കാർത്തിക്കിന് പകരം കഴിഞ്ഞ മത്സരങ്ങളിൽ ദ്വീപക് ഹൂഡയെ കളിപ്പിച്ചതിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വിരെന്ദർ സേവാഗ്. കാർത്തിക്കിനെ ഇന്ത്യ എന്തിനാണ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് സേവാഗ് ചോദിക്കുന്നത്. “ദീപക് ഹൂഡയെ ഇന്ത്യ ടീമിലെടുത്തത് ഒന്നോ രണ്ടോ ഓവർ എറിയുന്നതിനാണെങ്കിൽ ആ തീരുമാനം തെറ്റാണ്. കാരണം വിരാട് കോഹ്ലിയ്ക്കോ രോഹിത് ശർമയ്ക്കോ അതിനു സാധിച്ചേക്കും.
എന്നാൽ ഹൂഡയ്ക്കു പകരം ഒരു ഫിനിഷറേ ടീമിൽ കളിപ്പിച്ചിരുന്നെങ്കിൽ, 4 പന്തുകൾ നേരിട്ടാൽ അതിൽ രണ്ട് ബൗണ്ടറികൾ നമുക്ക് പ്രതീക്ഷിക്കാമായിരുന്നു”- സേവാഗ് പറയുന്നു. “ഹൂഡയുടെ സെലക്ഷനിലെ ലോജിക് എനിക്ക് മനസ്സിലാകുന്നില്ല. നമുക്ക് അല്ലെങ്കിൽതന്നെ ദിനേശ് കാർത്തിക് എന്നൊരു ഫിനിഷർ സ്‌ക്വാഡിലുണ്ടായിരുന്നു. മുപ്പത്തിയേഴാം വയസിൽ അയാളെ നമ്മൾ സ്‌ക്വാഡിലേക്ക് തിരികെ വിളിച്ചതാണ്. പക്ഷേ ഇപ്പോൾ നമ്മൾ അയാളെ കളിപ്പിക്കുന്നില്ല. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?
കാർത്തിക്കിന് എന്തായാലും ഡ്രസിംഗ് റൂമിൽ ഇരുന്ന് മത്സരം വിജയിപ്പിക്കാൻ സാധിക്കില്ലല്ലോ.” – സേവാഗ് കൂട്ടിച്ചേർത്തു. കൂടാതെ ഇന്ത്യയുടെ ബാറ്റർമാർ കുറച്ചുകൂടി സൂക്ഷ്മതയോടെ കളിക്കണമെന്നും സേവാഗ് പറയുന്നു. അങ്ങനെയെങ്കിൽ കഴിഞ്ഞ മത്സരങ്ങളിൽ 20 റൺസങ്കിലും കൂടുതൽ നേടാൻ ഇന്ത്യക്ക് സാധിച്ചെനെ എന്നും അത് ഇന്ത്യയെ വിജയത്തിലെത്തിച്ചേനെ എന്നും വീരു പറഞ്ഞുവയ്ക്കുന്നു.