ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ പരാജയം ഹൃദയഭേദകമായി തന്നെയാണ് മുൻ ക്രിക്കറ്റ് താരങ്ങളും കാണുന്നത്. ലോകകപ്പിന് മുമ്പുള്ള വലിയ ടൂർണമെന്റ് എന്ന നിലയിൽ വളരെ നിർണായകം തന്നെയായിരുന്നു ഏഷ്യാകപ്പ്. എന്നാൽ വ്യത്യസ്ത മേഖലകളിൽ ഇന്ത്യയ്ക്ക് പ്രശ്നങ്ങളുണ്ടെന്ന് വിളിച്ചോതുകയാണ് ഇപ്പോൾ ഏഷ്യാകപ്പ് മത്സരങ്ങൾ. ബോളിങ്ങിൽ ഇന്ത്യയെ സെലക്ഷനുകൾ നന്നായി ബാധിച്ചിട്ടുണ്ട്. എന്നാലും അതിലും വലിയ പ്രശ്നം ഇന്ത്യ ബാധിച്ചിരിക്കുന്നത് മധ്യനിര ബാറ്റിംഗലാണ് എന്നാണ് ഇന്ത്യൻ ബാറ്റർ ചേതെശ്വർ പൂജാര ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
ഏഴു മുതൽ 15 വരെയുള്ള ഓവറുകൾക്കിടയിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെടുന്നത് ഇന്ത്യൻ ടീമിനെ നന്നായി ബാധിക്കുന്നുണ്ട് എന്നാണ് പൂജാര പറയുന്നത്. തുടർച്ചയായി ഓവറുകളിൽ വിക്കറ്റുകൾ നഷ്ടമാകുന്നത് മൂലം ഇന്ത്യക്ക് വേണ്ട രീതിയിൽ ഫിനിഷിങ് സാധ്യമാകുന്നില്ല എന്നും പുജാര പറയുന്നു. ” പവർപ്ലെയിൽ വിക്കറ്റ് നഷ്ടം കൂടാതെ 50 റൺസ് നേടാനായാൽ ഡ്രസ്സിങ് റൂമിൽ അത് ഒരുപാട് ആത്മവിശ്വാസം നൽകുന്നു. പക്ഷേ എന്നെ സംബന്ധിച്ച് ഇന്ത്യ പ്രധാനമായും പ്രശ്നങ്ങൾ നേരിടുന്നത് മധ്യ ഓവറുകളിലാണ്. കൂടാതെ ഫിനിഷിംഗും ഇന്ത്യയ്ക്ക് അസാധ്യമായി മാറുന്നു”- പൂജാര പറയുന്നു.
“മധ്യ ഓവറുകളിൽ നമുക്ക് ഒരുപാട് വിക്കറ്റുകൾ നഷ്ടമാകുന്നു. അതിനാൽ തന്നെ 15 മുതൽ 20 വരെയുള്ള ഓവറുകളിൽ ബാറ്റ് ചെയ്യാൻ പറ്റിയ കൃത്യമായ ഒരു ബാറ്റർ ഇന്ത്യയ്ക്കില്ല. അതുകൊണ്ടുതന്നെ മധ്യഓവറുകളിൽ എങ്ങനെയാണ് നന്നായി ബാറ്റുചെയ്യേണ്ടത് എന്ന് ഇന്ത്യ പഠിക്കേണ്ടിയിരിക്കുന്നു.”- പൂജാര കൂട്ടിച്ചേർക്കുന്നു.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ വിരാട് കോഹ്ലിയും ദീപ ഹൂഡയുമായിരുന്നു ഫിനിഷിംഗിനായി ക്രീസിൽ ഉണ്ടായിരുന്നത്. എന്നിട്ടും അവസാന അഞ്ച് ഓവറുകളിൽ 48 റൺസ് മാത്രം നേടാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. ശ്രീലങ്കയ്ക്കെതിരെ അവസാന അഞ്ച് ഓവറിൽ 46 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. ഇത് ഇന്ത്യയുടെ മുഴുവൻ സ്കോറിനെ നന്നായി ബാധിച്ചിട്ടുണ്ട്. മധ്യനിര ബാറ്റർമാർ ഉത്തരവാദിത്വത്തോടെ കളിക്കാത്തത് ഇന്ത്യൻ ടീമിനെ മൊത്തം ബാധിക്കുന്നുണ്ട് എന്നത് ഉറപ്പാണ്.