ഏഷ്യാകപ്പിലെ സൂപ്പർ4ലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ മങ്ങി തുടങ്ങിയിട്ടുണ്ട്. നിലവിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ശ്രീലങ്ക ഫൈനലിൽ എത്തുമെന്ന് ഏകദേശം ഉറപ്പാണ്. ഇന്നു നടക്കുന്ന പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ പാകിസ്ഥാൻ ജയിച്ചാൽ അവർക്കും ഫൈനലിൽ എത്താം. എന്നാൽ ഇന്ത്യൻ ടീമിന് ഫൈനലിലെത്താൻ ഇനി കുറച്ചധികം ഭാഗ്യങ്ങൾ വേണം. നമുക്കത് പരിശോധിക്കാം.
ഇന്ത്യക്ക് ഫൈനലിലെത്താനുള്ള ആദ്യപടി ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വിജയിക്കുക എന്നതാണ്. അവർ ഏഷ്യാകപ്പിൽ പുറത്തുകാട്ടുന്ന ഫോം കണക്കിലെടുത്താൽ അതിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അങ്ങനെ അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് സാധ്യതകളേറും. പിന്നീട് സെപ്റ്റംബർ എട്ടിന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ആ മത്സരത്തിൽ വലിയ നെറ്റ് റൺറേറ്റിൽ തന്നെ ഇന്ത്യ ജയിച്ചേ തീരൂ.
പിന്നീട് ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള മത്സരമാണ് നടക്കാനുള്ളത്. ഈ മത്സരത്തിൽ ശ്രീലങ്ക ജയിക്കേണ്ടിയിരിക്കുന്നു. ശ്രീലങ്ക പാകിസ്ഥാനെ വലിയ മാർജിനിൽ പരാജയപ്പെടുത്തണം. അങ്ങനെയെങ്കിൽ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും നെറ്റ് റൺറേറ്റ് ഇന്ത്യയുടെതിനേക്കാളും കുറവായി മാറും. അങ്ങനെ വന്നാൽ ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരാളികളായി ഇന്ത്യ കളിക്കും.
പക്ഷേ ഈ സാധ്യതകൾ വിദൂരം തന്നെയാണ്. ഇന്ത്യയെ തോൽപിച്ച് ആത്മവിശ്വാസത്തിൽ വരുന്ന പാകിസ്ഥാനെ അഫ്ഗാനിസ്ഥാനും ശ്രീലങ്കയും പരാജയപ്പെടുത്തുമോ എന്നത് കണ്ടറിയേണ്ടതാണ്. എന്തായാലും ഇന്നത്തെ അഫ്ഗാൻ-പാകിസ്ഥാൻ മത്സരമാണ് ഇന്ത്യയുടെ ടൂർണമെന്റിലെ ഭാവി നിർണയിക്കാൻ പോകുന്നതെന്ന് ഉറപ്പാണ്.