കഴിഞ്ഞ കുറച്ചു കാലമായി ഒരുപാട് വിമർശനങ്ങൾ കേൾക്കുന്ന ക്രിക്കറ്റാണ് ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുൽ. നിർണായകമായ മത്സരങ്ങളിൽ മോശം പ്രകടനങ്ങൾ നടത്തുന്നതുമൂലം രാഹുൽ ഒരുപാട് പഴികൾ കേൾക്കുകയുണ്ടായി. ഏഷ്യാകപ്പിൽ പാകിസ്താനെതിരായ ആദ്യമത്സരത്തിൽ ഗോൾഡൻ ഡക്കായി പുറത്തായതും ഇതിന്റെ തുടർച്ചയായിരുന്നു. എന്നാൽ പാകിസ്താനെതിരായ ഇന്ത്യയുടെ സൂപ്പർ 4 മത്സരത്തിൽ താരതമ്യേന മികച്ച പ്രകടനം രാഹുൽ കാഴ്ചവയ്ക്കുകയുണ്ടായി. അതിനുള്ള പ്രശംസ അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ കിരൺ മോറെ.
പാകിസ്ഥാനെതിരെ 16 പന്തുകളിൽ 28 റൺസായിരുന്നു കെഎൽ രാഹുൽ നേടിയത്. പാകിസ്ഥാൻ ബോളർമാരെ ഒരുതരത്തിലും സെറ്റിൽ ആവാൻ സമ്മതിക്കാത്തവിധം അടിച്ചുതകർത്ത രാഹുൽ, വരുന്ന ട്വന്റി20 ലോകകപ്പിലടക്കം ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകും എന്നാണ് മോറെ പറയുന്നത്. “കെ എൽ രാഹുൽ വലിയൊരു പരിക്കിൽ നിന്നാണ് മടങ്ങി വന്നിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് അയാളൊരു നിർണായകമായ ഘടകവുമാണ്.
നമുക്ക് രാഹുലിനെ വരുന്ന ലോകകപ്പിന് വേണം. കാരണം ട്വന്റി20കളിൽ വളരെയെളുപ്പത്തിൽ സെഞ്ച്വറി നേടാൻ പോലും സാധിക്കുന്ന ബാറ്ററാണ് കെ എൽ രാഹുൽ.”- മോറെ പറയുന്നു. “പാകിസ്ഥാനെതിരെ പുറത്തായ രാഹുലിന്റെ ഷോട്ട് ആശങ്ക ഉണ്ടാക്കുന്നുണ്ട്. എന്നാൽ അയാൾ കാണിച്ച സമീപനം ശരിയായിരുന്നു. അതിനാൽതന്നെ ഒരു 80-90 റൺസ് അനായാസം സ്കോർ ചെയ്യാൻ കഴിയുന്ന ബാറ്റർ തന്നെയാണ് രാഹുൽ” – മോറെ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ഇന്ത്യൻ ടീം ഏഷ്യാകപ്പിനെക്കാളും പ്രാധാന്യം ലോകകപ്പിന് കൊടുക്കണമെന്നും മോറെ പറയുന്നു. “എന്നെ സംബന്ധിച്ചിടത്തോളം ലോകകപ്പിന്റെ അത്ര വലിയ കാര്യമല്ല ഏഷ്യാകപ്പ്. 2011 ന് ശേഷം നമുക്ക് ലോകകപ്പ് ലഭിച്ചിട്ടില്ല. അതിനാൽ രോഹിത് ശർമയിലും രാഹുൽ ദ്രാവിഡിലും പരമാവധി വിശ്വസിക്കുക എന്നതാണ് നമുക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്ന കാര്യം.” മോറെ പറഞ്ഞുവയ്ക്കുന്നു