അയാൾ ആ മഞ്ഞ ജേഴ്സി അഴിക്കുമ്പോൾ ഐപിഎല്ലിന്റെ സ്വന്തം ഇടങ്കയ്യൻ

   

ക്രിക്കറ്റിൽ ആരാണ് മികച്ച ബാറ്റർ എന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങൾ ഉണ്ടാവും. എന്നാൽ ഐപിഎല്ലിലെ മികച്ച ബാറ്റർ ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉണ്ടാകൂ. സുരേഷ് റെയ്ന. തന്റെ കരിയർ ഐപിഎല്ലിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് കെട്ടിപ്പടുത്ത ഒന്നൊന്നര ബാറ്റർ. ഇപ്പോൾ റെയ്ന എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇനി ഐപിഎല്ലിലും ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലും റെയ്‌ന കളിക്കില്ല എന്നത് ഉറപ്പായിരിക്കുന്നു.

   

2020 ആഗസ്റ്റ് 15നായിരുന്നു റെയ്ന അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നുള്ള തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ശേഷം റെയ്ന ഐപിഎൽ കളിക്കാൻ തയ്യാറായി. എന്നാൽ ഇപ്പോൾ ട്വിറ്ററിലൂടെ എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന കാര്യം റെയ്ന അറിയിച്ചിരിക്കുകയാണ്. ” എന്റെ സംസ്ഥാനമായ ഉത്തർപ്രദേശിനെയും എന്റെ രാജ്യത്തെയും പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അതിയായ അഭിമാനമുണ്ട്. ഞാൻ എല്ലാത്തരം ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന്. “- റെയ്ന ട്വിറ്ററിൽ കുറിച്ചു.

   

ഇങ്ങനെയൊരു തീരുമാനമെടുത്തതോടെ റോഡ് സേഫ്റ്റി സീരിസിലും വിദേശ ട്വന്റി20 ലീഗിലുമൊക്കെ കളിക്കാൻ റെയ്‌ന യോഗ്യനായിരിക്കുകയാണ്. ഇതിനെക്കുറിച്ചും റെയ്‌ന പറയുകയുണ്ടായി. ”ഞാൻ ഇത്തവണ റോഡ് സേഫ്റ്റി സീരിസ് കളിക്കും. കൂടാതെ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യൂഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ട്വന്റി20 ലീഗുകളിലേക്കും ക്ഷണം വന്നിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഞാൻ തീരുമാനം എടുത്തിട്ടില്ല.” റെയ്‌ന പറഞ്ഞു.

   

2018 നു ശേഷം റെയ്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിരുന്നില്ല. അവസാനമായി റെയ്ന ഐപിഎൽ മത്സരം കളിച്ചത് 2021ൽ ആയിരുന്നു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നട്ടെല്ലായിരുന്നു റെയ്‌ന. ചെന്നൈയെ 11 സീസണിൽ റെയ്ന പ്രതിനിധീകരിച്ചിട്ടുണ്ട്. ചെന്നൈയ്ക്കായി 176 മത്സരങ്ങളിൽനിന്ന് 4,687 റൺസ് റെയ്‌ന നേടിയിട്ടുണ്ട്. ഇന്ത്യക്കായി എല്ലാ ഫോർമാറ്റിലും സെഞ്ചുറി നേടിയ ആദ്യ ക്രിക്കറ്ററായിരുന്നു സുരേഷ് റെയ്ന.

Leave a Reply

Your email address will not be published. Required fields are marked *