ക്രിക്കറ്റ് എന്നതിന് പല നിർവ്വചനങ്ങൾ ഉണ്ട്. ചില ബാറ്റർമാർ ക്രിക്കറ്റിനെ ആക്രമണോത്സുകമായി സമീപിക്കുമ്പോൾ മറ്റുചിലർ യാഥാസ്ഥിതികമായിയാണ് കാണുന്നത്. ലോകക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇന്ന് കാണുന്ന ട്വന്റി 20 ക്രിക്കറ്റ് അടക്കമുള്ള ഫോർമാറ്റുകൾ പൊട്ടിപ്പുറപ്പെടാൻ കാരണം ജനങ്ങൾക്ക് വെടിക്കെട്ട് ബാറ്റിംഗിനോടുള്ള കമ്പം തന്നെയാണ്. അങ്ങനെ കുട്ടിക്രിക്കറ്റിനും മുൻപ് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ക്രിക്കറ്ററായിരുന്നു ക്രിസ് ഗെയ്ൽ.
1979ൽ ജമൈക്കയിലായിരുന്നു ക്രിസ്റ്റഫർ ഹെന്റി ഗെയ്ൽ ജനിച്ചത്. ചെറുപ്പകാലത്ത് വളരെയധികം കഷ്ടപ്പാടുകൾ അനുഭവിച്ച ഗെയിൽ ഭക്ഷണം കണ്ടെത്തുന്നത് മോഷണം പോലും നടത്തിയിരുന്നു. എല്ലാത്തിനുമവസാനം ഗെയിൽ ലൂക്കസ് ക്രിക്കറ്റ് ക്ലബ്ബിൽ കളിച്ചുതുടങ്ങി. ലൂക്കാസ് ക്ലബ്ബിനു വേണ്ടി കളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ആ തെരുവിൽ തന്നെ താമസിക്കേണ്ടി വന്നേനെ എന്ന് ഗെയിൽ ഒരിക്കൽ പറയുകയുണ്ടായി. അങ്ങനെ ജമൈക്കക്കായി ആഭ്യന്തരക്രിക്കറ്റും കളിച്ചു തുടങ്ങിയ ഗെയ്ലിന് 1999ലാണ് വിൻഡിസ് ടീമിലേക്ക് വിളി വന്നത്.
ആദ്യമത്സരങ്ങളിൽ വേണ്ടത്ര മികച്ച പ്രകടനങ്ങൾ ഗെയ്ൽ കാഴ്ചവെച്ചിരുന്നില്ല. അതിനാൽ വിൻഡീസ് ടീമിന്റെ സ്ഥിരസാന്നിധ്യമാകാൻ ഗെയ്ലിന് സാധിച്ചില്ല. എന്നാൽ പതിയെ ഗെയ്ൽ തിരിച്ചുവരവുകൾ നടത്തി. തന്റെ തട്ടകം വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് എന്ന് മനസ്സിലാക്കിയ ഗെയ്ൽ അതിലേക്ക് പൂർണമായി ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങി. ടെസ്റ്റ് മത്സരങ്ങളിൽ പോലും വമ്പനടികൾക്ക് പ്രാധാന്യം നൽകിയ ഗെയ്ൽ യൂണിവേഴ്സൽ ബോസ് എന്ന പേരിലറിയപ്പെട്ടു.
ആഭ്യന്തര ക്രിക്കറ്റിൽ ജമൈക്ക, കൊൽക്കത്ത, വെസ്റ്റേൺ ഓസ്ട്രേലിയ, ബാംഗ്ലൂര്, സിഡ്നി, പഞ്ചാബ് തുടങ്ങിയ ടീമുകൾക്കായി ഗെയ്ൽ കളിച്ചിട്ടുണ്ട്. കൂടാതെ വിൻഡീസ് ടീമിനായി 103 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 7214 റൺസും 301 ഏകദിനങ്ങളിൽ നിന്ന് 10480 റൺസും 79 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 1899 റൺസും ഗെയ്ലിന്റെ സമ്പാദ്യമാണ്. ഗെയ്ൽ എന്ന ശക്തി ഇപ്പോഴും തന്റെ താണ്ഡവം തുടരുന്നു.