ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ4ലെ മത്സരം ഇന്ന് വൈകിട്ട് 7.30നാണ് നടക്കുന്നത്. പാക്കിസ്ഥാനെതിരായ ആദ്യ സൂപ്പർ 4 മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്കെതിരായ മത്സരം വളരെയധികം നിർണായകമാണ്. അതിനാൽതന്നെ ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി സംസാരിക്കുകയാണ് മുൻ ക്രിക്കറ്റ് താരങ്ങൾ. ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ രവിചന്ദ്രൻ അശ്വിനെ കളിപ്പിക്കണം എന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം പറയുന്നത്.
ഇന്ത്യയുടെ ബാറ്റിംഗ് ഓൾറൗണ്ടർ ഹൂഡയ്ക്ക് പകരമായി രവിചന്ദ്രൻ അശ്വിനെ ടീമിൽ കളിപ്പിക്കണമെന്നാണ് സാബാ കരീമിന്റെ പക്ഷം. ഇന്ത്യയ്ക്ക് മത്സരത്തിൽ അഞ്ച് മുൻനിര ബോളർമാരും ആറാം ബൗളറായി ഹർദിക് പാണ്ട്യയും കളിക്കണമെന്നാണ് സാബാ കരീം പറഞ്ഞുവയ്ക്കുന്നത്. “മത്സരത്തിൽ രവീചന്ദ്രൻ അശ്വിൻ കളിക്കണം. നിർഭാഗ്യവശാൽ ദിപക് ഹൂഡയ്ക്കു പുറത്തിരിക്കേണ്ടി വന്നേക്കും. എന്നാൽ അശ്വിനെ കളിപ്പിക്കേണ്ടത് നിർണായകമാണ്. അങ്ങനെയെങ്കിൽ അഞ്ച് മുൻനിര ബൗളർമാരും ഹാർദിക് പാണ്ട്യയും ഇന്ത്യക്കായി കളിക്കായി കളിക്കും.” – സാബാ കരീം പറയുന്നു.
അശ്വിനെ പ്ലെയിങ് ഇലവണിൽ ഉൾപ്പെടുത്തുന്ന കാര്യം മുൻപ് മുൻ ക്രിക്കറ്റ് താരം രിത്തീന്ദർ സോദിയും സംസാരിക്കുകയുണ്ടായി. ശ്രീലങ്കയ്ക്ക് മികച്ച ഇടങ്കയ്യൻ ബാറ്റർമാർ ഉള്ളതിനാൽ തന്നെ അശ്വിന്റെ ആവശ്യം നിർണായകമാണെന്നായിരുന്നു സോദി പറഞ്ഞത്. “ബിഷണോയ്ക്ക് പകരം മത്സരത്തിൽ രവിചന്ദ്രൻ അശ്വിനാണ് കളിക്കേണ്ടത്. കാരണം ശ്രീലങ്കയ്ക്ക് ഒരുപാട് ഇടങ്കയ്യൻ ബാറ്റർമാരുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് കുറച്ചു പരിചയസമ്പന്നതയുള്ള ബോളറെ ആവശ്യമാണ്.” – സോദി പറയുന്നു.
നിലവിൽ ഇതുവരെ ഇന്ത്യയുടെ മൂന്ന് ഏഷ്യാകപ്പ് മത്സരങ്ങളിലും അശ്വിൻ കളിച്ചിരുന്നില്ല. അതിനാൽ തന്നെ അശ്വിന്റെ പ്രകടനത്തെ സംബന്ധിച്ച മറ്റു സംസാര വിഷയങ്ങൾ ഉയർന്നിരുന്നില്ല. എന്നാൽ ഇന്ത്യൻ ബോളിംഗിന്റെ കൂർമത നഷ്ടപ്പെടുന്ന കാഴ്ചകളായിരുന്നു കഴിഞ്ഞ മത്സരങ്ങളിൽ കണ്ടത്. അതിനാൽതന്നെ നിർണായകമായ തീരുമാനങ്ങൾ കൈകൊള്ളേണ്ടത് ആവശ്യം തന്നെയാണ്.