ഇന്ത്യയുടെ പാകിസ്താനെതിരായ മോശം പ്രകടനത്തിനിടയിലും ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലിയുടെ ഇന്നിങ്സിനെ പ്രശംസിച്ചുകൊണ്ട് ഒരുപാട് മുൻ ക്രിക്കറ്റർമാർ രംഗത്തുവന്നിട്ടുണ്ട്. മത്സരത്തിൽ വിരാട് കോഹ്ലിയുടെ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യയ്ക്ക് ഒരു ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. എന്നിരുന്നാലും മറ്റു ബാറ്റർമാർ തങ്ങളുടെ കഴിവിനൊത്ത പ്രകടനം കാഴ്ച വെക്കാത്തത് ഇന്ത്യയെ ദോഷമായി ബാധിച്ചിരുന്നു.
എന്നാൽ കോഹ്ലിയുടെ ഇന്നിങ്സില്ലായിരുന്നെങ്കിൽ ഇന്ത്യ 150 റൺസ് പോലും മത്സരത്തിൽ നേടില്ലായിരുന്നു എന്നാണ് മുൻ പാക് താരം ഡാനിഷ് കനേറിയ പറയുന്നത്. വിരാട് കോഹ്ലി കളിച്ച രീതി ഏറ്റവും മികച്ചതായിരുന്നുവെന്നും മധ്യനിരയിൽ നിന്ന് വേണ്ട പിന്തുണ ലഭിക്കാതിരുന്നതാണ് ഇന്ത്യ പരാജയപ്പെടാൻ കാരണമെന്നും ഡാനിഷ് കനേറിയ പറയുന്നു. അതോടൊപ്പം റിഷഭ് പന്തിന്റെ ട്വന്റി20 മത്സരങ്ങളിലെ തുടർച്ചയായ പരാജയത്തെയും കനേറിയ ചൂണ്ടിക്കാട്ടുകയുണ്ടായി.
” ട്വന്റി20യിൽ റിഷഭ് പന്ത് മോശം പ്രകടനങ്ങൾ തുടരുകയാണ്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് മറ്റ് ഇടങ്കയ്യൻ കളിക്കാർ ഇല്ല. പക്ഷേ പാകിസ്ഥാന് നവാസും ഷായും ഫഖർ സമനുമൊ ക്കെ ഉണ്ടായിരുന്നു. ” കനേറിയ പറയുന്നു. “രാഹുലും രോഹിത്തും ചേർന്ന് ഇന്ത്യയ്ക്ക് നല്ല തുടക്കം തന്നെയാണ് നൽകിയത്. എന്നാൽ കോഹ്ലി ഇല്ലായിരുന്നെങ്കിൽ ഇന്ത്യ 150 റൺസ് പോലും നേടില്ലായിരുന്നു എന്നതുറപ്പാണ്.
അതോടൊപ്പം ഹൂഡ ബോൾ ചെയ്യാതിരുന്നത് ഇന്ത്യയ്ക്ക് പറ്റിയ അബദ്ധമാണ്. നവാസ് ഫാസ്റ്റ് ബൗളർമാരെ അടിച്ചുതൂക്കിയ സമയത്ത് ഹൂഡയുടെ ഓഫ് സ്പിൻ ഒരുപക്ഷെ ഇന്ത്യയെ രക്ഷിച്ചേനെ.”- കനേറിയ കൂട്ടിച്ചേർക്കുന്നു. മത്സരത്തിൽ 12 പന്തുകളിൽ നിന്ന് 14 റൺസ് മാത്രമാണ് പന്തിന് നേടാനായത്. സ്പിന്നർമാരെ നേരിടാനാണ് ഇറക്കിയെങ്കിലും അവർക്കു മുൻപിൽ പന്ത് പരാജയപ്പെടുന്ന കാഴ്ചതന്നെയാണ് മത്സരത്തിൽ കാണാനായത്.