കോഹ്ലിയുടെ ക്യാപ്റ്റൻസി സംബന്ധിച്ച് ഒരുപാട് നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇന്ത്യയ്ക്കായി നിർണായകമായ പരമ്പരകൾ വിജയിച്ചു വരാൻ കോഹ്‌ലിക്ക് സാധിക്കാതെ വന്നതോടെ വിമർശനങ്ങളുടെ കൂമ്പാരം തന്നെ രൂപപ്പെട്ടിരുന്നു. അതിനുശേഷമായിരുന്നു ജനുവരിയിൽ കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസി രാജിവെച്ചത്. ഇതിനിടയിൽ കോഹ്ലിയും ടീം മാനേജ്മെന്റും തമ്മിലുള്ള പ്രശ്നങ്ങൾ എടുത്തുകാട്ടി ഒരുപാട് അഭ്യൂഹങ്ങളും ഉയർന്നിരുന്നു. എന്നാൽ താൻ ടെസ്റ്റ് ക്യാപ്റ്റൻസി രാജിവെച്ച ശേഷമുണ്ടായ കുറച്ച് അനുഭവങ്ങളെപറ്റി കോഹ്‌ലി പറയുകയുണ്ടായി.
“ഞാൻ ടെസ്റ്റ് ക്യാപ്റ്റൻസിയിൽ രാജിവെക്കുമ്പോൾ എനിക്ക് ഒരു ക്രിക്കറ്ററിൽ നിന്നുമാത്രമാണ് ഒരു മെസ്സേജ് വന്നത്. അദ്ദേഹത്തിന് കീഴിൽ ഞാൻ കളിച്ചിരുന്നു. ആ ആളാണ് എംഎസ് ധോണി. മറ്റാരും എനിക്കൊരു സന്ദേശം പോലും അയയ്ക്കാൻ കൂട്ടാക്കിയില്ല. ഒരുപാട് ആളുകളുടെ കയ്യിൽ എന്റെ നമ്പർ ഉണ്ട്. എനിക്ക് ടിവിയിലൂടെ നിർദ്ദേശങ്ങൾ നൽകുന്ന കുറച്ചധികം ആളുകളുണ്ട്. എന്നാൽ ആരെയും ആ സമയത്ത് ഞാൻ കണ്ടില്ല. ആത്മാർത്ഥമായ ബഹുമാനം നമുക്ക് ഒരാളോട് തോന്നിയാൽ ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കും.”- കോഹ്‌ലി പറയുന്നു.
“എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒന്നും ആവശ്യമില്ല. അദ്ദേഹത്തിന് എന്റെ കയ്യിൽ നിന്നും. എന്നെ അദ്ദേഹം ഒരിക്കലും സുരക്ഷിതമല്ലാതെയാക്കിയിട്ടില്ല. ഞാനും. അതിനാൽതന്നെ ഇത്തരം കാര്യങ്ങൾ പരസ്പരം സംസാരിക്കുന്നതിനാണ് നമ്മൾ പിന്തുണ നൽകേണ്ടത്. ഒരു ടിവിയുടെ മുമ്പിലോ അല്ലെങ്കിൽ ഒരുകൂട്ടം ആളുകളുടെ മുൻപിലോ നിർദ്ദേശം നൽകുന്നത് എന്നെ സംബന്ധിച്ച് മൂല്യമുള്ളതല്ല. സത്യസന്ധമായി നമ്മുടെ മുന്നിൽ നിർദ്ദേശങ്ങൾ അറിയിക്കണം. “- കോഹ്‌ലി കൂട്ടിച്ചേർക്കുന്നു.
കോഹ്ലി ലോകകപ്പിനുശേഷമായിരുന്നു ട്വന്റി20 നായക സ്ഥാനം രാജിവെച്ചത്. ശേഷം ഏകദിന നായകസ്ഥാനത്ത് നിന്ന് കോഹ്‌ലിയെ മാറ്റിയിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷമാണ് ജനുവരിയിൽ കോഹ്ലി തന്റെ ടെസ്റ്റ് ക്യാപ്റ്റൻസി രാജി അറിയിച്ചത്.