ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് എന്ന ടീമിനൊപ്പം കൂട്ടിവയ്ക്കാവുന്ന പേരാണ് എംഎസ് ധോണിയുടേത്. എന്നെന്നും ചെന്നൈ ടീമിന്റെ ജീവശ്വാസമായ ക്യാപ്റ്റനാണ് ധോണി. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ചെന്നൈയുടെ സ്വന്തമായി മാറിയതിൽ ധോണിയുടെ പങ്കുചെറുതല്ല. 2023ലെ ഐപിഎൽ സീസണിൽ ധോണി കളിക്കുമോ എന്ന ചോദ്യത്തിന് നേരത്തെ തന്നെ അദ്ദേഹം ഉത്തരം നൽകിയിരുന്നു.
ചെന്നൈയോടും ആരാധകരോടും നന്ദി അറിയിക്കാതെ മടങ്ങുന്നത് അസാധ്യമാണെന്ന് ധോണി അന്ന് പറഞ്ഞിരുന്നു. എന്നാൽ ധോണി എന്ത് റോളിലാവും 2023 ഐപിഎല്ലിൽ ചെന്നൈ ടീമിൽ കളിക്കുക എന്ന ചോദ്യമുയർന്നിരുന്നു. അതിനുള്ള കൃത്യമായ ഉത്തരം നൽകിയിരിക്കുകയാണ് ടീമിന്റെ CEO ആയ കാശി വിശ്വനാഥൻ. മഹേന്ദ്രസിംഗ് ധോണി 2023 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായി തന്നെ കളിക്കും എന്നാണ് കാശിവിശ്വനാഥൻ അറിയിച്ചിരിക്കുന്നത്.
ഒരു വാർത്താ ചാനലിനോടാണ് വിശ്വനാഥൻ ഇക്കാര്യമറിയിച്ചത്. അടുത്തവർഷം തന്റെ 42ആം വയസ്സിലേക്ക് പ്രവേശിക്കുന്ന ധോണി ഇതുവരെ ചെന്നൈ ടീമിനായി നാലു കിരീടങ്ങളാണ് നേടിയിട്ടുള്ളത്. 2008ൽ ഐപിഎൽ ആരംഭിച്ചതുമുതൽ ധോണി തന്നെയായിരുന്നു ചെന്നൈ ടീമിലെ ക്യാപ്റ്റൻ. അതിനുശേഷം 2022 സീസൺ വരെ ധോണി ചെന്നൈയെ നയിച്ചു. എന്നാൽ 2022 ഐപിഎൽ തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പ് നായകപദവി ധോണി, രവീന്ദ്ര ജഡേജയ്ക്ക് കൈമാറിയിരുന്നു.
പക്ഷെ ആ നീക്കത്തിലൂടെ ചെന്നൈക്ക് വിജയം കൊയ്യാൻ സാധിച്ചില്ല. ശേഷം 2022 സീസണിന്റെ മധ്യഭാഗത്ത് ധോണി നായക പദവിയിലേക്ക് തിരിച്ചെത്തി. ഐപിഎൽ കിരീടങ്ങൾക്ക് പുറമേ ചെന്നൈ ടീമിനെ 2010ലും 2014ലും ചാംപ്യൻസ് ലീഗിലും ധോണി കിരീടം ചൂടിച്ചിരുന്നു. എന്തായാലും 2023ലെ ഐപിഎല്ലിൽ ധോണി ക്യാപ്റ്റനായെത്തുന്നതിന്റെ ആവേശത്തിൽ തന്നെയാണ് ആരാധകർ.