ക്യാച്ചല്ല അർഷദീപ് കളഞ്ഞത്, കളിയാണ് നിസാരമായി കണ്ടു

   

ആദ്യബോൾ മുതൽ അവസാനബോൾ വരെ ആവേശം അലതല്ലിയ മത്സരമായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്നത്. തരക്കേടില്ലാത്ത സ്കോർ കെട്ടിപ്പടുത്തിട്ടും പാക്കിസ്ഥാൻ ബാറ്റർമാരെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല. പ്രധാനപ്പെട്ട പല നിമിഷങ്ങളിലും ഇന്ത്യൻ യുവതാരങ്ങളുടെ പരിചയസമ്പത്തിലുള്ള കുറവും മത്സരത്തിൽ നിഴലിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ നെഗറ്റീവ് ഫീൽഡിങ്ങായിരുന്നു. മത്സരത്തിന്റെ പ്രധാനമായ നിമിഷത്തിൽ ഇന്ത്യൻ യുവപേസർ അർഷദീപ് അനായാസമായ ക്യാച്ച് വിട്ടുകളഞ്ഞതും, 19ആം ഓവാറിൽ ഭുവനേശ്വർ കുമാർ തല്ലു വാങ്ങികൂട്ടിയതും മത്സരത്തിൽ ഇന്ത്യയ്ക്ക് വിനയായി.

   

മത്സരത്തിൽ വളരെ സൂക്ഷ്മതയോടെയായിരുന്നു പാക്കിസ്ഥാൻ ബാറ്റർ മുഹമ്മദ് റിസ്വാൻ ബാറ്റ് ചെയ്തത്. റിസ്വാന്റെ വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ ആസിഫലിയുടെ ഒരു അനായാസ ക്യാച്ച് അർഷദീപ് വിട്ടുകളഞ്ഞത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ക്യാച്ചിനെ നിസ്സാരമായി കാണാൻ ശ്രമിച്ചതായിരുന്നു അത് നഷ്ടമാവാനുള്ള കാരണം. ക്യാപ്റ്റൻ രോഹിത് ശർമയും ഇന്ത്യൻ ടീമംഗങ്ങളുമടക്കം എല്ലാവർക്കും ഇതൊരു ഞെട്ടലാണ് സമ്മാനിച്ചത്.

   

നിർണായകമായി ക്യാച്ച് നഷ്ടമായ ശേഷം ഇന്ത്യയുടെ വിധി മാറിമറിഞ്ഞു. ആസിഫലി തനിക്ക് കിട്ടിയ ജീവൻ അങ്ങേയറ്റം നന്നായി ഉപയോഗിച്ചു. ഭുവനേശ്വർ കുമാറെറിഞ്ഞ പത്തൊമ്പതാം ഓവറിൽ പാകിസ്താൻ ബാറ്റർമാർ 19 റൺസായിരുന്നു അടിച്ചുകൂട്ടിയത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം പലയിടത്തും അർഷദീപ് നഷ്ടപ്പെടുത്തിയ ക്യാച്ചിനെപ്പറ്റി ചർച്ചയുണ്ടായി.

   

ഒരുപക്ഷേ അത് മികച്ച രീതിയിൽ കൈപ്പിടിയിലൊതുക്കിയിരുന്നെങ്കിൽ ഇന്ത്യയുടെ വിധി മറ്റൊന്നായേനെ എന്ന് പലരും പറയുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലി(60)യുടെ ബലത്തിൽ നിശ്ചിത 20 ഓവറിൽ 181 റൺസായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിൽ ക്രീസിലുറച്ച റിസ്വാനും(71) വമ്പനടികളോടെ നവാസും(42) പാകിസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകൾക്കാണ് പാകിസ്ഥാൻ മത്സരത്തിൽ വിജയം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *