ബംഗ്ലാദേശ് എന്ന പേരുകേൾക്കുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് ആദ്യം മനസ്സിലേക്ക് വരുന്നത് ആവേശം നിറഞ്ഞ കുറച്ചു മുഖങ്ങളാണ്. അതി മത്സരത്തിന്റെ എല്ലാ ഗതികളിലും തങ്ങളുടെ ടീമിനായി പൊരുതുന്ന ഒരു അഹങ്കാരിയുണ്ടായിരുന്നു. അതായിരുന്നു മുഷ്ഫിക്വർ റഹീം. ബംഗ്ലാദേശ് കണ്ടതിൽ വച്ച് ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായിരുന്നു റഹീം. ഇപ്പോൾ റഹീം ട്വന്റി20 നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിന് കുറച്ചു മാസങ്ങൾ മാത്രം അവശേഷിക്കെ പലരെയും ഞെട്ടിച്ചുകൊണ്ടാണ് മുഷ്ഫിക്വർ റഹീമിന്റെ വിരമിക്കൽ പ്രഖ്യാപനം.
കൂടുതലായി ഏകദിനങ്ങളിലും ടെസ്റ്റ് മത്സരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ട്വന്റി20യിൽ നിന്ന് വിരമിക്കുന്നതെന്ന് മുഷ്ഫിക്വർ റഹീം പറഞ്ഞു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുഷ്ഫിക്വർ വിരമിക്കൽ പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് ഏഷ്യാകപ്പിൽ നിന്ന് ആദ്യ റൗണ്ടിൽ പുറത്തായ സാഹചര്യത്തിൽ കൂടിയാണ് റഹീമിന്റെ വിരമിക്കൽ പ്രഖ്യാപനം വന്നിരിക്കുന്നത്.
“ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഞാൻ വിരമിക്കുകയാണ്. ബംഗ്ലാദേശിനായി ടെസ്റ്റ് മത്സരങ്ങളും ഏകദിനങ്ങളും കളിക്കുന്നത് ഞാൻ തുടരും. ഈ രണ്ടു ഫോർമാറ്റുകളിലും രാജ്യത്തിനുവേണ്ടി വിജയം കൊണ്ടുവരാൻ ഇനിയും സാധിക്കുമെന്നാണ് എന്റെ വിശ്വാസം. അതോടൊപ്പം ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്നതും തുടരും.”- മുഷ്ഫിക്വർ റഹീം ഫേസ്ബുക്കിൽ കുറിച്ചു.
ഏഷ്യാകപ്പിൽ മോശം പ്രകടനങ്ങളായിരുന്നു മുഷ്ഫിക്വർ റഹിം കാഴ്ചവച്ചത്. കൂടാതെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ നിർണായകമായ ഒരു ക്യാച്ച് റഹീം നഷ്ടപ്പെടുത്തിയിരുന്നു. അതിനാൽതന്നെ മുഷ്ഫിക്വറിനെ ബംഗ്ലാദേശ് ട്വന്റി20 ക്രിക്കറ്റിൽ നിന്ന് ഒഴിവാക്കുമെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. അതിന് പിന്നാലെയാണ് റഹീം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗ്ലാദേശിനായി 100bട്വന്റി20കൾ കളിച്ചിട്ടുള്ള റഹീം 1495 റൺസാണ് നേടിയിട്ടുള്ളത്.