എഴുതിത്തള്ളാൻ വരട്ടെ!! ഇത് രണതുംഗയും ജയസൂര്യയുമൊക്കെ കെട്ടിയ കൂടാരമാണ് അഫ്ഗാന്റെ നട്ടെല്ലോടിച്ചു ലങ്ക

   

കഴിഞ്ഞകാലങ്ങളിൽ ക്രിക്കറ്റിൽ ഉണ്ടായ ഏറ്റവും വലിയ വിപ്ലവം കുഞ്ഞൻ ടീമുകളുടെ വമ്പൻ പ്രകടനമായിരുന്നു. ആദ്യം സിംബാബ്‌വെയും പിന്നീട് അയർലൻഡുമൊക്കെ വമ്പൻമാരെ ഞെട്ടിച്ചപ്പോൾ മറ്റൊരു അധ്യായമെഴുതുന്നതിൽ അഫ്ഗാനിസ്ഥാനും പിന്നിലേക്ക് പോയില്ല. 2022 ഏഷ്യാകപ്പിലുടനീളം കണ്ടുവരുന്നത് അഫ്ഗാനിസ്ഥാൻ ടീമിന്റെ വളർച്ചയാണ്. ടൂർണമെന്റിന്റെ ആദ്യപാദത്തിൽ കരുത്തരായ ശ്രീലങ്കയെ അനായാസം ചുരുട്ടിക്കേട്ടിയിരുന്നു അഫ്ഗാനിസ്ഥാൻ. എന്നാൽ സൂപ്പർ4 മത്സരത്തിൽ തങ്ങളുടെ കഴിവ് പുറത്തെടുത്ത് ഒരുഗ്രൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ശ്രീലങ്ക, ഒരു മധുരപ്രതികാരം എന്നപോലെ.

   

ഏഷ്യാകപ്പിന്റെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ വലിയ വിജയമായിരുന്നു അഫ്ഗാനിസ്ഥാൻ നേടിയത്. മത്സരത്തിന്റെ എല്ലാ മേഖലയിലും ശ്രീലങ്കൻ ടീമിനെ അവർ ഇല്ലാതാക്കി. എന്നാൽ സൂപ്പർ 4ലെ ആദ്യ മത്സരത്തിൽ ഇതിനുള്ള മധുരപ്രതികാരം ശ്രീലങ്ക ചെയ്തു. മത്സരത്തിൽ നാലു വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തൂത്തെറിഞ്ഞാണ് ശ്രീലങ്ക വിജയം കണ്ടത്. നമുക്ക് മത്സരത്തിലേക്ക് കടന്നുചെല്ലാം.

   

ഷാർജയിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക തെല്ലും മടിയ്ക്കാതെ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പർ 4 മത്സരത്തിന്റെ ഒട്ടും ആവേശംചോരാതെയുള്ള ബാറ്റിംഗ് പ്രകടനമായിരുന്നു അഫ്ഗാനിസ്ഥാന്റേത്. ഓപണർ ഗുർബാസിനെ പുറത്താക്കാൻ കിട്ടിയ ഒരു നല്ല അവസരം ശ്രീലങ്ക ആദ്യമേ നശിപ്പിച്ചു. ശേഷം ഗുർബാസ് അടിച്ചുതകർത്തു. 45 പന്തുകളിൽ നാലു ബൗണ്ടറികളുടെയും 6 സിക്സറുകളുടെയും ബലത്തിൽ 84 റൺസായിരുന്നു ഇന്നിങ്സിൽ നേടിയത്.

   

എന്നാൽ ഗുർബാസ് കൂടാരം കയറിയതോടെ അഫ്ഗാനിസ്ഥാൻ പതറി. അവസാന ഓവറുകളിൽ വമ്പനടികൾ സാധിക്കാതെ വന്നതോടെ വമ്പൻ സ്കോറിലേക്ക് കുതിച്ച അഫ്ഗാനിസ്ഥാന് 175 റൺസിൽ ഒതുങ്ങേണ്ടി വന്നു. മറുപടി ബാറ്റിങ്ങിൽ തരക്കേടില്ലാത്ത തുടക്കം ശ്രീലങ്കയ്ക്ക് ലഭിച്ചുവെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ മത്സരത്തിന്റെ നിർണായകമായ അവസാന ഓവറുകളിൽ രജപക്ഷയും(31) ഹസരംഗയും(16) കാവലായതോടെ ശ്രീലങ്ക മത്സരത്തിൽ നാലു വിക്കറ്റിന് വിജയം കാണുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *