ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനാൽതന്നെ ജഡേജ, കാൽമുട്ടിനേറ്റ പരിക്ക് മൂലം ഈ ഏഷ്യകപ്പിൽ നിന്ന് മാറിനിൽക്കുമ്പോൾ ഒരുപാട് പ്രശ്നങ്ങളാണ് ഇന്ത്യൻ ടീമിനുള്ളത്. എന്നാൽ ഇപ്പോൾ അതിനേക്കാളും വേദനാജനകമായ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഓസ്ട്രേലിയയിൽ നടക്കുന്ന ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് ജഡേജയ്ക്ക് നഷ്ടമാകുമെന്ന വാർത്തയാണ് ഇന്ത്യൻ ആരാധകരെ കൂടുതൽ വേദനയിലാഴ്ത്തിയിരിക്കുന്നത്. ജഡേജയുടെ കാൽമുട്ടിനു സർജറി ആവശ്യമായതിനാലാണ് ട്വന്റി20 ലോകകപ്പ് കളിക്കാൻ സാധിക്കാതെ വരുന്നത്.
പിടിഐ ആണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. “സീനിയർ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ട്വന്റി 20 ലോകകപ്പ് നഷ്ടമാകും. കാൽമുട്ടിനുള്ള സർജറി ആവശ്യമായതിനാലണിത്.” പിടിഐയുടെ ട്വീറ്റിൽ പറയുന്നു. ഇന്ത്യയെ സംബന്ധിച്ച് ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും വിലപ്പെട്ട ക്രിക്കറ്റർ തന്നെയാണ് രവീന്ദ്ര ജഡേജ. കൂടാതെ മത്സരത്തിൽ എല്ലാ മേഖലകളിലും മികവു കാണിക്കുന്ന ചുരുക്കം ചില ക്രിക്കറ്റർമാരിൽ ഒരാൾ കൂടിയാണ് ജഡ്ഡു.
അതിനാൽതന്നെ ജഡേജയുടെ നഷ്ടം ടീമിനെ ബാധിക്കുമെന്ന് ഉറപ്പാണ്. ട്വിറ്ററിലടക്കം ജഡേജയുടെ പരിക്കിനെ സംബന്ധിച്ചുള്ള വാർത്തകൾ സജീവമായിട്ടുണ്ട്. ഇന്ത്യൻ ടീമിൽ ഹർദിക് പാണ്ട്യയ്ക്കും ജഡേജയ്ക്കും പകരം വയ്ക്കാൻ മറ്റൊരു ക്രിക്കറ്ററില്ലെന്നും അതിനാൽ ഇന്ത്യയെ ട്വന്റി20 ലോകകപ്പിൽ ഇത് ബാധിക്കുമെന്നും ഉപഭോക്താക്കൾ പറയുന്നു. എന്നാൽ ജഡേജയ്ക്ക് പകരമായി ദീപക് ചാഹറിനെയോ ശർദുൽ താക്കുറിനെയോ കളിപ്പിക്കണമെന്ന് ചിലർക്ക് അഭിപ്രായമുണ്ട്.
ഇന്ത്യയ്ക്ക് ഏറ്റവും വലിയ നഷ്ടം ഉണ്ടാകാൻ പോകുന്നത് ഫീൽഡിങ്ങിലാണെന്നാണ് ഒരുപാട് പേരുടെ നിഗമനം. ഏഷ്യാകപ്പിൽ ഇക്കഴിഞ്ഞ രണ്ടു മത്സരങ്ങളും നിർണായകമായ റോളിലായിരുന്നു ജഡേജ കളിച്ചത്. പാകിസ്താനെതിരായ മത്സരത്തിൽ കൃത്യമായ സമയത്ത് 35 റൺസ് നേടിയ ജഡേജ ഇന്ത്യയെ വിജയത്തിൽ എത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു.