കംഗാരുക്കളെ അവരുടെ നാട്ടിൽ മുട്ടുകുത്തിച്ച്‌ റെക്കോർഡ് !! പഴയ സിംബാബ്വെയുടെ തിരിച്ചുവരവ്…|The return of old Zimbabwe

   

പണ്ടൊരു സിംബാബ്‌വെ ടീം ഉണ്ടായിരുന്നു. ലോകം കണ്ട വമ്പൻ ടീമുകളെ തെല്ലും ഭയമില്ലാതെ അടിച്ചുതൂഫാനാക്കിയ ഒരു സിംബാബ്വേ നിര. എന്നാൽ കുറച്ചുകാലങ്ങൾക്കു ശേഷം സിംബാബ്വെ എന്ന പേരുപോലും ക്രിക്കറ്റിൽനിന്ന് പോയി മറഞ്ഞു. എന്നാൽ തങ്ങളെ എഴുതിതള്ളാൻ സമയമായിട്ടില്ല എന്നതിനുള്ള സൂചന നൽകുകയാണ് സിംബാബ്വേ ഇപ്പോൾ. ബംഗ്ലാദേശിനെ എല്ലാത്തരത്തിലും ചുരുട്ടിക്കെട്ടിയ സിംബാബ്വെ ഇപ്പോൾ വമ്പൻമാരായ ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ ചെന്ന് തോൽപ്പിച്ചിരിക്കുകയാണ്. ആദ്യമായാണ് ഓസ്ട്രേലിയൻ ടീമിനെ ഓസ്ട്രേലിയയിൽ വയ്ച്ച് സിംബാബ്‌വെ പരാജയപ്പെടുത്തുന്നത്.

   

ആവേശകരമായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ സിംബാബ്വെ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അത്ര അനുകൂലമല്ലാതിരുന്ന പിച്ചിൽ കൃത്യതയോടെ ബോളെറിയാൻ സിംബാബ്വെ ബൗളർമാർക്ക് സാധിച്ചു. ഇതോടെ ഓസ്ട്രേലിയൻ ബാറ്റർമാർ നിന്നുപതറുന്ന കാഴ്ചയാണ് ഇന്നിംഗ്സിന്റെ ആദ്യപകുതിയിൽ കണ്ടത്. ഡേവിഡ് വാർണർ(94) മാത്രമായിരുന്നു ഓസ്ട്രേലിയയ്ക്കായി ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചത്. എതിർവശത്ത് വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെട്ടു.

   

ഓസ്ട്രേലിയൻ നിരയിൽ വാർണറെ കൂടാതെ ഗ്ലെൻ മാക്സ്വെൽ മാത്രമാണ് രണ്ടക്കം കണ്ടത്. അങ്ങനെ ഓസ്ട്രേലിയയുടെ ഇന്നിങ്സ് 141 റൺസിന് അവസാനിച്ചു. സിംബാബ്വെയ്ക്കായി റയാൻ ബർൽ മൂന്ന് ഓവറുകളിൽ വെറും 10 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ തരക്കേടില്ലാത്ത തുടക്കമായിരുന്നു ഓപ്പണർമാർ സിംബാബ്വെയ്ക്ക് നൽകിയത്. എന്നാൽ പതിയെ ഓസിസ് വിക്കറ്റ് പിഴുതുതുടങ്ങി. സിംബാബ്‌വെയുടെ സ്റ്റാർ ബാറ്റർ സിക്കന്തർ റാസ അടക്കം അഞ്ച് ബാറ്റർമാർ 77 റൺസെടുക്കുന്നതിനിടെ കൂടാരം കയറി.

   

എന്നാൽ പിന്നീട് ക്യാപ്റ്റൻ ചക്കബ്വ പതിയെ ക്രീസിൽ ഉറച്ചതോടെ മത്സരം സിംബാബ്‌വെയുടെ കയ്യിലെത്തി. 72 പന്തുകളിൽ 37 റൺസ് നേടിയ ചക്കബ്വ ടീമിനെ പതിയെ കരയ്ക്കടിപ്പിച്ചു. വാലറ്റത്തെ കളിക്കാർ നായകന് ആവശ്യമായ പിന്തുണ നൽകിയതോടെ സിംബാബ്‌വെ മത്സരം പിടിച്ചെടുത്തു. മൂന്നു വിക്കറ്റുകൾക്കായിരുന്നു സിംബാബ്‌വെ മത്സരത്തിൽ വിജയം കണ്ടത്. ഇതോടെ ഓസ്ട്രേലിയയിൽ സിംബാബ്‌വെയുടെ ആദ്യ വിജയം എന്ന റെക്കോർഡ് അവരെ തേടിയെത്തി.

Leave a Reply

Your email address will not be published. Required fields are marked *