ഓരോ രാജ്യത്തെയും ക്രിക്കറ്റർമാർക്ക് തങ്ങളുടെ രാജ്യത്ത് അങ്ങേയറ്റം ആരാധകർ ഉണ്ടാവാറുണ്ട്. സച്ചിൻ ടെണ്ടുൽക്കറും എംഎസ് ധോണിയുമൊക്കെ സ്വന്തം നാട്ടിലും വിദേശത്തും ഒരുപാട് ആരാധകരുള്ള ക്രിക്കറ്റർമാരാണ്. അതുപോലെതന്നെ ഇന്ത്യൻ മണ്ണിൽ ഏറ്റവുമധികം ആരാധകരെ സമ്പാദിച്ച ഒരു വിദേശ ക്രിക്കറ്ററായിരുന്നു എ ബി ഡിവില്ലിയേഴ്സ്. കളിക്കളത്തിലെയും പുറത്തെയും തന്റെ പെരുമാറ്റം കൊണ്ടും മൈതാനത്തെ മികവുകൊണ്ടും വളരെ പെട്ടെന്നായിരുന്നു ഡിവില്ലിവേഴ്സ് എന്ന സൂപ്പർമാൻ ജനഹൃദയങ്ങൾ കീഴടക്കിയത്.
1984ൽ ദക്ഷിണാഫ്രിക്കയിലെ വാംബാധിലായിരുന്നു എബിഡി ജനിച്ചത്. റഗ്ബി കളിക്കാരനായിരുന്നു ഡിവില്ലിഴ്സിന്റെ പിതാവ്. മകനെ ഒരു കായികതാരമാക്കാൻ പിതാവ് നന്നായി കഷ്ടപ്പെട്ടു. ആഭ്യന്തരക്രിക്കറ്റിൽ നോർതെൺസ് ടീമിനുവേണ്ടിയായിരുന്നു ഡിവില്ലിയേഴ്സ് അരങ്ങേറ്റം കുറിച്ചത്. ശേഷം ഡിവില്ലിയേഴ്സ് ക്രിക്കറ്റ് ലോകത്ത് കൂടുതൽ ശ്രദ്ധ നേടി.
2004ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഡിവില്ലിയേഴ്സ് തന്നെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ചത്. അന്ന് ഡിവില്ലിയേഴ്സ് ഒരു വിക്കറ്റ് കീപ്പർ ബാറ്ററായിരുന്നു. ശേഷം ദക്ഷിണാഫ്രിക്കൻ ടീമിൽ വിവിധ ബാറ്റിംഗ് പൊസിഷനുകളിൽ ഡിവില്ലിയേഴ്സ് കളിക്കുകയുണ്ടായി. മധ്യനിരയിലായിരുന്നു ഡിവില്ലിയേഴ്സിന് കൂടുതൽ സ്ഥാനം ലഭിച്ചത്. ഡിവില്ലിയേഴ്സിന്റെ ഇന്നോവേറ്റീവ് ഷോട്ടാണ് പലപ്പോഴും അയാളെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തിയത്. പുതുതലമുറയ്ക്ക് കരുത്തേകുന്ന റാമ്പ് ഷോട്ടുകൾ ഡിവില്ലിയേഴ്സിന്റെ ഭംഗിയായിരുന്നു. വിക്കറ്റിന് മുൻപിൽ ഇരുന്നും കിടന്നുമൊക്കെ ഷോട്ടുകൾ കളിച്ച ഡിവില്ലിയേഴ്സ് ഐപിഎല്ലിലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് നിന്ന് 8765 റൺസും, 228 ഏകദിനങ്ങളിൽ നിന്ന് 9577 റൺസും, 78 ട്വന്റി20കളിൽ നിന്ന് 1672 റൺസുമായിരുന്നു ഡിവില്ലിയേഴ്സ് നേടിയത്. ലോകത്താകമാനമുള്ള ആഭ്യന്തരക്രിക്കറ്റിൽ ഡിവില്ലിയേഴ്സ് നിറസാന്നിധ്യമായിരുന്നു. ഡൽഹി, ബാംഗ്ലൂർ, ബാർബഡോസ്, ലാഹോർ തുടങ്ങി ഒരുപാട് ടീമുകൾക്കായി ഡിവില്ലിയേഴ്സ് കളിച്ചു. ഇപ്പോഴും പല ബോളർമാരുടെയും പേടിസ്വപ്നം തന്നെയാണ് ഈ സൂപ്പർമാൻ.