ഇന്ത്യയുടെ ഹോങ്കോങ്ങിനെതിരായ ഏഷ്യാകപ്പ് മത്സരത്തിനുശേഷം ഏറ്റവുമധികം വിമർശിക്കപ്പെട്ട ബാറ്ററാണ് കെഎൽ രാഹുൽ. രാഹുലിന്റെ മെല്ലെപ്പോക്ക് ഇന്ത്യൻ ടീമിനെ ദോഷമായി ബാധിക്കും എന്ന് പലരും വിധിയെഴുതിയിരുന്നു. മത്സരത്തിൽ 39 പന്തുകൾ നേരിട്ട് 36 റൺസാണ് രാഹുൽ നേടിയത്. എന്നാൽ രാഹുലിന്റെ ഈ പ്രകടനത്തെ പോസിറ്റീവായി തന്നെയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ കാണുന്നത്.
“ഇന്ത്യയെ സംബന്ധിച്ച് നോക്കുമ്പോൾ മത്സരത്തിൽ ഒരുപാട് പോസിറ്റീവ് ഉണ്ടായിട്ടുണ്ട്. ബാറ്റർമാരിൽ നിന്ന് നല്ല തുടക്കം ലഭിക്കുകയുണ്ടായി. കെ എൽ രാഹുൽ 36 റൺസ് നേടുകയുണ്ടായി. അത് അദ്ദേഹത്തിന് നല്ല ആത്മവിശ്വാസം നൽകുകയും ചെയ്യും. ആദ്യം രാഹുൽ പതറിയെങ്കിലും മത്സരത്തിൽ 36 റൺസ് നേടിയത് ഇന്ത്യയ്ക്ക് പോസിറ്റീവാണ്.” – പത്താൻ പറയുന്നു.
ഇതുകൂടാതെ മത്സരത്തിലെ വിരാട് കോഹ്ലിയുടെ പ്രകടനത്തെയും പത്താൻ പ്രശംസിക്കുന്നു. “വിരാടിന്റെ അർദ്ധസെഞ്ചുറിയാണ് ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവ്. സ്ട്രൈക്ക് റൊട്ടേഷൻ വിരാട് കോഹ്‌ലി നന്നായി തന്നെ ചെയ്തു. സ്കോർ നേടിയെന്നതിലുപരി എങ്ങനെ അദ്ദേഹം കളിചുവെന്നാണ് ശ്രദ്ധിക്കേണ്ടത്. നല്ല നിയന്ത്രണത്തോടെ തന്നെയാണ് കോഹ്ലി കളിച്ചത്. അയാൾ കൃത്യമായി സിംഗിളുകളും നേടുന്നുണ്ടായിരുന്നു.”- പത്താൻ കൂട്ടിച്ചേർക്കുന്നു.
കോഹ്ലിയുടെ പ്രകടനത്തെകുറിച്ച് സംസാരിക്കുമ്പോൾ സൂര്യകുമാറിന്റെ ഇന്നിങ്‌സും പത്താൻ വിട്ടുകളയുന്നില്ല. “ഒരുപാട് വമ്പൻ ഷോട്ടുകൾ സൂര്യകുമാറിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. എല്ലാം മികച്ച ഷോട്ടുകളായിരുന്നു. മാത്രമല്ല അയാൾ നോട്ട്ഔട്ടുമാണ്. അതിനാൽതന്നെ ആത്മവിശ്വാസത്തിൽ അങ്ങേയറ്റത്താണ് സൂര്യകുമാർ. എന്തായാലും മുൻപോട്ടുള്ള കളികളിൽ ഇത് ഇന്ത്യയ്ക്ക് സഹായകരമാകും.”- പത്താൻ പറഞ്ഞുവയ്ക്കുന്നു. സെപ്റ്റംബർ 4നാണ് ഇന്ത്യയുടെ സൂപ്പർ 4ലെ ആദ്യമത്സരം നടക്കുക.