ഹിറ്റ്മാനും കോഹ്ലിയ്ക്കും ഡിവില്ലിയേഴ്സിന്റെ ഷോട്ടുകൾ കളിക്കാം!! വഴി ഇതാണ്! ഉത്തപ്പ പറഞ്ഞത് കേട്ടോ

   

ഒരുകാലത്ത് കോപ്പിബുക്ക് ഷോട്ടുകൾ കൊണ്ട് മാത്രം കയ്യടി നേടിയിരുന്ന കായിക വിനോദമായിരുന്നു ക്രിക്കറ്റ്. ക്ലാസ്ഷോട്ടുകളാണ് ക്രിക്കറ്റിൽ എല്ലാമെന്ന് അന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ കാലം പുരോഗമിച്ചപ്പോൾ ക്രിക്കറ്റിന്റെ സാങ്കേതികപരമായ ടെക്നിക്കുകളിലും മാറ്റങ്ങളുണ്ടായി. റാമ്പ് ഷോട്ടുകളും വേരിയേഷനുകൾ നിറഞ്ഞ ബോളുകളും ക്രിക്കറ്റിലേക്ക് കടന്നുവന്നു. ഇങ്ങനെ കഴിഞ്ഞകാലങ്ങളിൽ ക്രിക്കറ്റിലുണ്ടായ അത്യുഗ്രൻ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.

   

കഴിഞ്ഞകാലങ്ങളിൽ ക്രിക്കറ്റ് എന്ന ബ്രാൻഡിന് ഉണ്ടായ വ്യത്യാസത്തെക്കുറിച്ചാണ് റോബിൻ ഉത്തപ്പ വാചാലനാകുന്നത്. “ഞാൻ കളിച്ചിരുന്ന കാലത്തിൽ നിന്നും വ്യത്യസ്തമായി ക്രിക്കറ്റിൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ ഏഴ് വർഷങ്ങളിൽ. 2015 ന് ശേഷം ക്രിക്കറ്റിൽ വളരെ വേഗത്തിൽ പരിണാമങ്ങൾ സംഭവിച്ചതായി ഞാൻ കരുതുന്നു. ഈ പരിണാമങ്ങൾ ക്രിക്കറ്റിന് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഏതൊരു ബാറ്റർക്കും ഒരു 360 ഡിഗ്രി കളിക്കാരനായി മാറാൻ സാധിക്കും. അതുപോലെ ആർക്കും എ ബി ഡിവില്ലിയേഴ്സിനെ പോലെ ബാറ്റ് ചെയ്യാനും സാധിക്കും.”- ഉത്തപ്പ പറയുന്നു.

   

ഇതോടൊപ്പം ക്രിക്കറ്റിലെ ആചാരവിധേയമായ ഷോട്ടുകളെ കുറിച്ചും ഉത്തപ്പ തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. “ഇപ്പോൾ രോഹിത് ശർമപോലും പുതിയതരം ഷോട്ടുകൾ കളിച്ചു തുടങ്ങിയിട്ടുണ്ട്. ക്രിക്കറ്റിലെ ഈ പരിണാമം പരമ്പരാഗത ക്രിക്കറ്റ് ആരാധകർക്ക് ആഹ്ലാദം നൽകുന്നില്ലെങ്കിലും, യുവതലമുറയെ സംബന്ധിച്ച് ആസ്വാദകരംതന്നെയാണ്.” ഉത്തപ്പ കൂട്ടിച്ചേർക്കുന്നു.

   

കഴിഞ്ഞകാലങ്ങളിൽ ക്രിക്കറ്റിൽ ഒരുപാട് ഇന്നോവേറ്റീവ് ഷോട്ടുകൾ പ്രത്യക്ഷപ്പെടുകയുണ്ടായി. എബി ഡിവില്ലിയേഴ്സിനെയും സൂര്യ കുമാറിനെയും പോലെയുള്ള ക്രിക്കറ്റർമാർ വ്യത്യസ്ത ഷോട്ടുകൾ കളിച്ച് ശ്രദ്ധപിടിച്ചുപറ്റി. സ്കൂപ്പുകളും റിവേഴ്സ് സ്കൂപ്പുകളും മറ്റ് ഷോട്ടുകളുമൊക്കെയായി കഴിഞ്ഞ കുറച്ചുകാലങ്ങളായി ക്രിക്കറ്റ്‌ മറ്റൊരു തലത്തിൽ തന്നെയാണ്. എന്തായാലും ഇതൊക്കെയും ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഒരു പ്രധാനകാരണം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *